ADVERTISEMENT

വയനാട്∙ മുഖ്യമന്ത്രിയുടെ ജില്ലയിലെ എഡിഎം ആത്മഹത്യ ചെയ്തിട്ടും ഇതുവരെ മുഖ്യമന്ത്രിയോ ഓഫിസോ പ്രതികരിക്കാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചനക്കുറിപ്പ് പോലും മുഖ്യമന്ത്രി നല്‍കിയില്ല. പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയും ഓഫിസും ശ്രമിക്കുന്നത്. എഡിഎം മരിച്ചിട്ടും പ്രതിയെ രക്ഷിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കിയെന്ന വ്യാജ രേഖ സിപിഎം സൃഷ്ടിച്ചു. 

പമ്പുടമ പ്രശാന്തന്‍ ഉണ്ടാക്കിയിരിക്കുന്ന പാട്ടക്കരാറിലെയും പരാതിയിലെയും പേരും ഒപ്പും രണ്ടാണ്. വ്യാജമായി രേഖയുണ്ടാക്കി എഡിഎം അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ഇക്കാര്യത്തില്‍ കലക്ടറുടെ പങ്ക് എന്താണെന്നു വ്യക്തമാക്കണം.

വകുപ്പ് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായാണ് വന്നതെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ്, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കലക്ടര്‍ ക്ഷണിച്ചിട്ട് വന്നതെന്നാണ് പറയുന്നത്. കലക്ടര്‍ കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. എഡിഎമ്മിനെ അപമാനിക്കുന്നതിനു വേണ്ടി വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അല്ലാതെ വെറുതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അതുവഴി പോയപ്പോള്‍ വന്ന് പ്രസംഗിച്ചതല്ല. ഗൂഢാലോചന നടത്തി, ക്യാമറാമാനുമായി എത്തി എഡിഎമ്മിനെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത ശ്രമത്തിന് സിപിഎമ്മും കൂട്ടു നിന്നു. 

കൊന്നതിനേക്കാള്‍ വലിയ ക്രൂരകൃത്യമാണ് മരിച്ചതിനു ശേഷം എഡിഎം അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമം. നവീന്‍ ബാബുവിനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ കൂടിയാണ് അപമാനിക്കുന്നത്. കേസ് അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പ്രശാന്തന് പെട്രോള്‍ പമ്പിനു വേണ്ടി നാലര കോടി മുടക്കാനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

പാലക്കാട് പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും. ചേലക്കര തിരിച്ചും പിടിക്കും. ചിട്ടയായ പ്രവര്‍ത്തനമാണ് രണ്ടിടത്തും നടക്കുന്നത്. ഇതേ ആരോപണങ്ങളൊക്കെയാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും പ്രതിപക്ഷം പറഞ്ഞത്. തൃക്കാക്കരയില്‍ ഇരട്ടി വോട്ടിനും പുതുപ്പള്ളിയില്‍ നാലിരട്ടി വോട്ടിനുമാണ് യുഡിഎഫ് വിജയിച്ചത്. പാലക്കാട് രണ്ടാം സ്ഥാനത്തിനു വേണ്ടി ബിജെപിയും സിപിഎമ്മും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

ADM Naveen Babu's Suicide: Opposition Leader Alleges Conspiracy, Demands Chief Minister's Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com