വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് വിമാനക്കമ്പനികൾ; 15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്ക് ഭീഷണി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടരുന്നു. 15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾക്ക് ലഭിച്ചത്.
വിസ്താര എയർലൈൻസിന്റെ ഡൽഹി–ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ന്യൂജഴ്സിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാപരിശോധനകൾ കാരണം മൂന്നു മണിക്കൂറോളം വൈകി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–ജയ്പുർ വിമാനത്തിനും വിസ്താരയുടെ ഉദയ്പുർ–മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.
‘‘ ഡൽഹിയിൽനിന്ന് ലണ്ടനിലേക്കുള്ള വിസ്താരയുടെ വിമാനത്തിന് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചു. സുരക്ഷാ ഏജൻസികളെ ഉടനെ വിവരം അറിയിച്ചു. സുരക്ഷ മുൻനിർത്തി വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ഫ്രാങ്ക്ഫർട്ടിലിറങ്ങിയ വിമാനത്തിൽ സുരക്ഷാ പരിശോധനകള്‍ നടത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രധാന്യമാണ് നൽകുന്നത്’’–വിസ്താരയുടെ വക്താവ് പറഞ്ഞു.
ഇൻഡിഗോയുടെ ഡൽഹി–ഇസ്തംബുൾ, മുംബൈ– ഇസ്തംബുൾ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. ജോധ്പുരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതായും, വിമാനം ഡൽഹിയിൽ ഇറക്കി സുരക്ഷാ പരിശോധന നടത്തിയതായും കമ്പനി അറിയിച്ചു.