ബിജെപിയെ ചെറുതായി കണ്ടിട്ടില്ല, എതിരാളിയെ നോക്കിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്: യു.ആർ. പ്രദീപ്
Mail This Article
തൃശൂർ∙ ചേലക്കരയിൽ പറയാൻ ഉദ്ദേശിക്കുന്നത് വികസനമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ്. എതിരാളി ആരെന്ന് നോക്കിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങളിൽ ചെറിയ കുറവുകളുണ്ടായിട്ടുണ്ട്. എന്നാൽ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറും. പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം നിലവിലെ സാഹചര്യം നോക്കി പാർട്ടിയെടുത്ത തീരുമാനമാണ്. എതിരാളികൾ എങ്ങനെ കണക്കുക്കൂട്ടിയാലും തങ്ങൾക്കൊരു കണക്കുക്കൂട്ടലുണ്ടെന്നും പ്രദീപ് മനോരമ ഓൺലൈനോട് പറഞ്ഞു.
∙ ചേലക്കരയിലേക്ക് വീണ്ടും സ്ഥാനാർഥി ആയെത്തുമ്പോൾ പ്രതീക്ഷ എന്തൊക്കെയാണ്?
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തവുമായാണ് ചേലക്കരയിൽ എത്തുന്നത്. അത് വളരെ ആത്മാർഥതയോടെയും ഗൗരവത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നത്. 1996 മുതൽ എൽഡിഎഫ് ചേലക്കരയിൽ ജയിച്ചുവരികയാണ്. ജനങ്ങൾക്ക് കൊടുക്കുന്ന വാക്ക് കൃത്യമായി പാലിക്കുന്നതാണ് തുടർച്ചയായ വിജയത്തിനു പിന്നിലെ കാരണം. ജനങ്ങൾക്ക് ഞങ്ങളെ വലിയ വിശ്വാസമാണ്.
∙ എന്തു പറഞ്ഞായിരിക്കും ഇത്തവണ എൽഡിഎഫ് വോട്ട് ചോദിക്കുന്നത്
വികസനം തന്നെയാണ് പറയാൻ ഉദ്ദേശിക്കുന്നത്. മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും നടത്താൻ പോകുന്ന പ്രവർത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തി വോട്ട് ചോദിക്കും.
∙ നിങ്ങൾ വികസനം പറയുമ്പോഴും ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരായ വലിയ പ്രചരണമുണ്ടാകും. അതിനെ എങ്ങനെയാകും നേരിടുക ?
സ്വാഭാവികമായും ജനങ്ങൾക്ക് തെറ്റിദ്ധാരണയുണ്ടാകാം. അതെല്ലാം വളരെ ശ്രദ്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും. എൽഡിഎഫ് സർക്കാർ വഴി കഴിഞ്ഞ കാലങ്ങളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ചേലക്കരയിൽ ഉണ്ടായിട്ടുണ്ട്. അത് നല്ലതു പോലെ ബോധ്യപ്പെടുത്തും. പുതിയ തലമുറയ്ക്കു വേണ്ടി ഈ വികസനം തുടരേണ്ടതുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറാനുള്ള നിലമൊരുക്കും.
∙ രമ്യ ഹരിദാസ് ശക്തയായ എതിരാളിയാണോ ?
എതിരാളികൾ ആരോ ആയിക്കോട്ടെ. അവരെ നോക്കിയല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്കൊപ്പം ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കുകയാണ്. എതിരാളികൾ എങ്ങനെയെന്ന് നോക്കിയല്ല ഞങ്ങളുടെ പ്രവർത്തനം.
∙ ചേലക്കരയിൽ ബിജെപിയുടെ സാന്നിധ്യം എങ്ങനെയാണ് ?
ഞങ്ങൾ ആരെയും ചെറുതായി കണ്ടിട്ടില്ല.
∙ ഡിഎംകെ നിർത്തിയിരിക്കുന്ന സ്ഥാനാർഥി മുൻ കോൺഗ്രസുകാരനാണെങ്കിലും അൻവർ ഫാക്ടർ ഭീഷണിയാകുമോ?
എതിരാളികൾ എങ്ങനെ കണക്കുക്കൂട്ടിയാലും ഞങ്ങൾക്കൊരു കണക്കുക്കൂട്ടലുണ്ട്. ജനങ്ങൾക്കു മുന്നിൽ നടത്തിയ പ്രവർത്തനങ്ങളാണ് അതിന്റെ അടിസ്ഥാനം. ഇത് ഗൗരവമായി എടുത്തിട്ടില്ല.
∙ പാലക്കാട് യുഡിഎഫ് ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചു എന്നാണ് ആക്ഷേപം. ചേലക്കരയിൽ നിങ്ങളും അത് തന്നെയല്ലേ ചെയ്തിരിക്കുന്നത്?
സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിൽ ഇങ്ങനെ ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിലായും എൽഡിഎഫിലായാലും നേതൃത്വത്തിന്റെ തീരുമാനങ്ങൾ അനുസരിച്ചാകും കാര്യങ്ങൾ നടക്കുക. പാർലമെന്റിൽ കെ. രാധാകൃഷ്ണന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി തീരുമാനമെടുത്തിരുന്നു. ആ ഘട്ടം വന്നപ്പോഴാണ് ഞാൻ മത്സരിക്കേണ്ടി വന്നത്.
∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണനു വേണ്ടി മണ്ഡലം ഒഴിഞ്ഞു കൊടുത്തപ്പോൾ വിഷമം തോന്നിയിരുന്നോ ?
പാർട്ടി നൽകിയ ഉത്തരവാദിത്തം ഞാൻ ചെയ്യുന്നു. പാർട്ടി നാളെ മാറിനിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കണം. ധാരാളം പ്രവർത്തകർ ഈ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ആരെയാണോ പാർട്ടി ദൗത്യം ഏൽപ്പിക്കുന്നത് അപ്പോൾ അയാൾക്ക് വേണ്ടി മാറികൊടുക്കണം. ഏൽപ്പിച്ച പണി വിജയിപ്പിക്കുകയാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ദൗത്യം.
∙ താങ്കൾ പറഞ്ഞതിനു വിപരീതമായി പാർട്ടിയെ കേൾക്കാതെ വന്ന ഒരാൾക്കാണല്ലോ പാലക്കാട് എൽഡിഎഫ് സീറ്റ് നൽകിയിരിക്കുന്നത്?
നിലവിലെ സാഹചര്യം നോക്കി പാർട്ടിയെടുത്ത തീരുമാനമാണത്. ഇത്രയേ അതിൽ ഞാൻ പറയുന്നുള്ളൂ. പാർട്ടി സെക്രട്ടറി ഉൾപ്പെടെ വ്യക്തമായി പറഞ്ഞതു കൊണ്ട് അതിനുമുകളിൽ ഞാൻ പറയുന്നില്ല.
∙ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ ഈ തിരഞ്ഞെടുപ്പ്?
തീർച്ചയായിട്ടും. സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ നമുക്കെല്ലാം അറിയാം. ചെറിയ ചെറിയ കുറവുകൾ ഉണ്ടായിട്ടുണ്ട്.
∙ പ്രിയങ്ക ഗാന്ധിയുടെ ഫാക്ടർ ചേലക്കരയിൽ ഉണ്ടാകുമോ ?
അത് ഇവിടെ ബാധിക്കുമെന്ന ആശങ്ക ഞങ്ങൾക്കില്ല. വികസനമാണ് ജനങ്ങളുടെ മനസ്സിലുള്ളത്.
∙ ചേലക്കര ഇത്തവണ ട്രെൻഡ് സെറ്ററാകുമെന്നാണ് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി പറഞ്ഞത് ?
അത് അവരുടെ വിശ്വാസം. ഞങ്ങളുടെ വിശ്വാസം ജയിക്കുമെന്ന് തന്നെയാണ്.