പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും; രാഹുൽ ഗാന്ധിയോടൊപ്പം റോഡ് ഷോ
Mail This Article
കൽപറ്റ∙ വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കലക്ടർക്ക് പത്രിക സമർപ്പിക്കുക.
യുഡിഎഫിന്റെ നിയോജകമണ്ഡലം കൺവൻഷനുകൾ ശനിയാഴ്ചയോടെ പൂർത്തിയാവും. പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ പൂർത്തീകരിക്കും. തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി.അനിൽ കുമാർ എംഎൽഎ, തിരഞ്ഞെടുപ്പ് സമിതി കോ ഓർഡിനേറ്റർ ടി.സിദ്ദിഖ് എംഎൽഎ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ എൻ.ഡി.അപ്പച്ചൻ, യുഡിഎഫ് ജില്ലാ കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, യുഡിഎഫ് ജില്ലാ കൺവീനർ ടി.മുഹമ്മദ്, ടി.ഉബൈദുള്ള എംഎൽഎ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.