ADVERTISEMENT

വാഷിങ്‍ടൻ ∙ ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജൻസ് രേഖകൾ പുറത്തായതായി റിപ്പോർട്ട്. ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല്‍ സൈനിക നീക്കങ്ങൾ സംബന്ധിച്ച് അമേരിക്കൻ ചാര ഉപഗ്രങ്ങൾ നൽകിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.

ഒക്ടോബർ 15, 16 തീയതികളിൽ പുറത്തിറക്കിയതായി പറയപ്പെടുന്ന രേഖകളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്. ഇറാനെ ഇസ്രയേൽ ഉടൻ ആക്രമിക്കുമെന്ന തരത്തിലുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടു. ഇസ്രയേലിലേക്ക് ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കിയിരുന്നു.

ലബനനിൽ ഹിസ്ബുല്ല മേധാവിയെയും ഇറാൻ സൈനിക കമാൻഡറെയും വധിച്ചതിനു തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാൻ സൈന്യം അന്ന് പ്രതികരിച്ചത്. ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന് നേർക്ക് ഇറാൻ തൊടുത്തിരുന്നു. ഇതിലേറെയും  തകർത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.

ഇസ്രയേൽ വ്യോമസേന ഇറാനിൽ ആക്രമണം നടത്തുന്നതിനു മുന്നോടിയായി വിവിധ തയാറെടുപ്പുകള്‍ നടത്തുന്നതായാണ് പുറത്തുവിട്ട ഒരു രേഖയിൽ പറയുന്നത്. ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കൽ, തിരച്ചിൽ–രക്ഷപ്പെടുത്തൽ ഓപ്പറേഷനുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസം തുടങ്ങിയവയെല്ലാം ഇസ്രയേൽ നടത്തുന്നതായി രേഖകളിൽ പറയുന്നുണ്ട്.  തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേൽ ആയുധങ്ങൾ വിന്യസിക്കുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ രേഖ പറയുന്നത്. രേഖകൾ പുറത്തുവന്നതിനെക്കുറിച്ച് ചർച്ചകളും ആരംഭിച്ചു. രേഖകൾ പുറത്തുവിട്ട വ്യക്തിയെ കുറിച്ച് വ്യക്തതയില്ല.

താഴെത്തട്ടിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥർ ആരെങ്കിലും രേഖകൾ പുറത്തു വിട്ടിരിക്കാം എന്നാണ് നിഗമനം. അമേരിക്കൻ അധിക‍ൃതർ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതിനെക്കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി. ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കരുതെന്നു ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.

English Summary:

Israel Prepares for Potential Iran Strike, Leaked US Documents Reveal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com