ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാടിന്റെ മണ്ണില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ് വിജയം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നത് പാലക്കാട്ടെ വയലുകളില്‍ വിത്തെറിഞ്ഞ് കടം കയറി നട്ടംതിരിയുന്ന നെല്‍കര്‍ഷകന്റെ നെഞ്ചിലെ തീയും ചൂടും. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില കൂട്ടുന്നതിന് ആനുപാതികമായി വില കൂട്ടുന്നതിനു പകരം തങ്ങളുടെ വിഹിതം വെട്ടിക്കുറച്ച് കര്‍ഷക സ്വപ്‌നങ്ങളെ ഉഴുതുമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ കൃഷിയില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നും തമിഴ്‌നാട്ടില്‍ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്‌നവുമില്ലെന്നും പറയുന്ന മന്ത്രി ഭാഗമായ സര്‍ക്കാരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ട് എത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഈ സംഭരണസീസണിലും കൂടുതല്‍ വില കിട്ടുമെന്ന് കരുതാനാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

പലതവണയായി കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാകാതിരിക്കുന്നതും തങ്ങളുടെ വിഹിതം കുറയ്ക്കുന്നതുമാണ് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്നത്. 2022-23 മുതല്‍ കിലോയ്ക്ക് 28.20 എന്ന നിലയില്‍ തന്നെയാണ് വില തുടരുന്നത്. കയറ്റിറക്കുകൂലിയായി കേന്ദ്രം നല്‍കുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേര്‍ത്ത് ഒരു കിലോ നെല്ലിന് കര്‍ഷകനു കിട്ടുന്നത് 28.32 രൂപയാണ്. കുറഞ്ഞത് 35 രൂപയെങ്കിലും കിലോയ്ക്ക് ലഭിച്ചില്ലെങ്കില്‍ നെല്‍കൃഷി ഉപേക്ഷിേേക്കണ്ട അവസ്ഥയാണെന്ന് പാലക്കാട്ടെ നെല്‍കര്‍ഷകനായ അശോകന്‍ മാസ്റ്റര്‍ പറയുന്നു. നാടിനെ അന്നമൂട്ടാന്‍ പാടുപെടുന്ന പല കര്‍ഷകരും കടക്കെണിയിലാണെന്നും പലരും കൃഷി ഉപേക്ഷിച്ചുപോകുമെന്നും അദ്ദേഹം പറയുന്നു.

കര്‍ഷകരില്‍നിന്നു നെല്ല സംഭരിക്കുന്നതിന്റെ ചുമതലയുള്ള സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്‍ 2021-22ല്‍ കിലോയ്ക്ക് 28 രൂപയ്ക്കാണ് നെല്ല് സംഭരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ താങ്ങുവില വിഹിതമായ 19.40 രൂപയും സംസ്ഥാന വിഹിതമായ 8.60 രൂപയും ചേര്‍ന്നായിരുന്നു ഇത്. ഒരു വര്‍ഷത്തിനു ശേഷം കേന്ദ്രം താങ്ങുവില വിഹിതം ഒരു രൂപ കൂട്ടി 20.40 രൂപയാക്കി. അതേസമയം സംസ്ഥാനം താങ്ങുവിലയില്‍ ആകെ 20 പൈസയുടെ വര്‍ധന മാത്രമേ നല്‍കിയുള്ളു. സംസ്ഥാന വിഹിതം 7.80 രൂപയായി കുറച്ചതോടെ ആകെ താങ്ങുവില 28.20 മാത്രമായി. 2023-24ല്‍ കേന്ദ്രം താങ്ങുവില 1.43 രൂപ വര്‍ധിപ്പിച്ചപ്പോള്‍ കേരളം തത്തുല്യമായ തുക തങ്ങളുടെ വിഹിതത്തില്‍നിന്നു വെട്ടിച്ചുരുക്കി വില വര്‍ധിപ്പിക്കാതെ അതേപടി നിലനിര്‍ത്തുകയാണ് ചെയ്തത്. 2024-25 വര്‍ഷത്തെ സംഭരണകാലം സജീവമായെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ഷകര്‍ക്ക് അനുകൂലമായ നീക്കമുണ്ടാകുമെന്ന ഒരു പ്രതീക്ഷയും നിലവിലില്ല. എന്തെങ്കിലും ചെയ്യാനായിരുന്നെങ്കില്‍ നെല്‍കര്‍ഷകരുടെ കേന്ദ്രമായ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പ്രഖ്യാപനം വരുമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.  

ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ താങ്ങുവില 1.17 രൂപ വര്‍ധിപ്പിച്ച് 23 രൂപയിലെത്തിച്ചു. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. 2021-22നും 2023-24നും ഇടയില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതത്തില്‍ 2.43 രൂപയുടെ വെട്ടിനിരത്തലാണ് നടത്തിയത്. ഈ വര്‍ഷവും സമാനമാത തീരുമാനമെടുത്താല്‍ സംസ്ഥാന വിഹിതം വെറും 5.20 രൂപയായി ചുരുങ്ങും. 2021-22 മുതല്‍ 2024-25 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 4.32 രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികൂല നിലപാട് മൂലം വെറും 72 പൈസയുടെ വര്‍ധനവാണ് കര്‍ഷകരുടെ കൈയില്‍ എത്തിയത്. 2019ല്‍ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവര്‍ഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019-ല്‍ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി.

മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വിലയേക്കാള്‍ മെച്ചപ്പെട്ട വിലയാണ് കേരളത്തില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നതെന്ന ന്യായമാണ് മന്ത്രി ജി.ആര്‍.അനില്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അതേസമയം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച കൃഷിച്ചെലവ് കേരളത്തില്‍ കൂടുതലാണെന്ന കാര്യം മന്ത്രിയും മറ്റുള്ളവരും പരിഗണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഒരേക്കറില്‍ കൃഷിക്ക് 45,000 രൂപയോളം ചെലവ് വരും. പലപ്പോഴും ഒന്നാംവിള നഷ്ടത്തിലായിരിക്കും. അപ്രതീക്ഷിതമായ മഴ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടി വന്നാല്‍ നില കൂടുതല്‍ വഷളാകുമെന്നും മുന്‍ അധ്യാപകനും നെല്‍കര്‍ഷകനും പാടശേഖര സെക്രട്ടറിയുമായ അശോകന്‍ മാസ്റ്റര്‍ പറഞ്ഞു. പലപ്പോഴും കര്‍ഷകര്‍ക്ക് കൃഷിച്ചെലവിന്റെ പകുതി പോലും പണം തിരികെ ലഭിക്കാറില്ല. നെല്ലിന്റെ താങ്ങുവില വിഹിതം കുറയ്ക്കുന്നത് ശരിയല്ലെന്നു പല വേദികളിലും പറഞ്ഞിരുന്നു. പക്ഷെ ആരും ചെവിക്കൊള്ളുന്നില്ല. തുടര്‍ന്ന് ബ്ലോക്ക് കോര്‍ഡിനേഷന്‍ സമിതിയുണ്ടാക്കി കരിദിനം ആചരിച്ചിരുന്നു. നാലായിരത്തോളം കര്‍ഷകര്‍ പങ്കെടുത്തു. പണിക്കൂലി ഉള്‍പ്പെടെ കേരളത്തില്‍ കൂടുതല്‍ ആയതിനാല്‍ ചെലവ് കൂടും. ഇത് പരിഗണിച്ചു വേണം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍. മറ്റ് വരുമാനമില്ലാതെ നെല്‍കൃഷി പ്രധാനമായി ചെയ്യുന്ന പല കര്‍ഷകരും കടക്കെണിയിലാണ്. നെല്‍കൃഷിയുടെ സ്വാഭാവികമായ മരണത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്റെ വരുമാനമെങ്കിലും കര്‍ഷകനു ലഭിക്കേണ്ടേ. അവസാനശ്രമം എന്ന നിലയില്‍ മുഖ്യമന്ത്രിയെ നേരിട്ടു കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അശോകന്‍ മാസ്റ്റര്‍ പറഞ്ഞു. അടുത്ത കൊയ്ത്തുകാലത്തിനു മുന്‍പെങ്കിലും പാലക്കാടിന്റെ വളക്കൂറുളള മണ്ണില്‍ നൂറുമേനി വിളയുന്ന പ്രതീക്ഷയുടെ വിത്തുകള്‍ വിതയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന കാത്തിരിപ്പാണ് കര്‍ഷകര്‍ക്കുള്ളത്.

English Summary:

Palakkad Paddy Farmers Face Ruin as Kerala Govt Slashes MSP Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com