ADVERTISEMENT

കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി (ഓട്ടോണമസ്) നഷ്ടമായെന്ന പ്രചരണവുമായി ബന്ധപ്പെട്ട പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. യുജിസി അധികൃതരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായും പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉറപ്പു ലഭിച്ചതായും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച നാലു വർഷ ബിരുദ പരിപാടിയുടെ (എഫ്‌വൈയുജിപി) ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ സ്വയംഭരണ കോളജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിക്കാത്തതിനാൽ നവംബർ 5 മുതൽ 25 വരെ തീരുമാനിച്ചിരുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ നടത്താനാണു പുതിയ തീരുമാനം. എന്നാൽ പരീക്ഷാഫലം മുൻനിശ്ചയിച്ച പ്രകാരം ഡിസംബർ 22നകം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 8 സർവകലാശാലകളിലും അഫിലിയേറ്റ് ചെയ്ത 864 കോളജുകളിലും ആരംഭിച്ച എഫ്‌വൈയുജിപിയുടെ പുരോഗതി വിലയിരുത്താൻ കുസാറ്റിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാരാജാസിന്റെ സ്വയംഭരണ പദവി സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് അവ‍ർ പറഞ്ഞു. 2020ൽ പദവി പുതുക്കാൻ ആവശ്യപ്പെട്ടുള്ള അപേക്ഷയും രേഖകളും കടലാസിൽ സമർപ്പിച്ചിരുന്നു. ഇതിനു ശേഷം പോർട്ടൽ സജ്ജീകരിക്കുകയും അപേക്ഷ ഓൺലൈനാക്കുകയും ചെയ്തു. അപേക്ഷ കടലാസിൽ നൽകിയിട്ടുണ്ടായിരുന്നതിനാൽ ഓൺലൈൻ അപേക്ഷ കോളജ് അധികൃതർ നൽകിയില്ല. ഇതാണു സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമായത്. പോർട്ടൽ മുഖേന അപേക്ഷ നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്നതും വകുപ്പ് അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഓട്ടോണമസ് പദവി പുനഃസ്ഥാപിക്കാൻ പോർട്ടലിൽ പുതിയ അപേക്ഷ നൽകി രേഖകൾ അപ്‌ലോഡ് ചെയ്തതായും കഴിഞ്ഞ 4 വർഷത്തിനിടെ കോഴ്സ് പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ഇല്ലെന്ന രീതിയിൽ ആശങ്കാജനകമായ വാർത്തകൾ പരത്തുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബിൽ തയാറായി. വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. തട്ടിപ്പു സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങൾ ബില്ലിലുണ്ട്. നാലുവർഷ ബിരുദ പരിപാടിയുടെ അടിസ്ഥാന തത്വങ്ങളും ഘടനാപരമായ മാറ്റങ്ങളും സംബന്ധിച്ചുള്ള പരിശീലനങ്ങൾ പൂർത്തിയായി. ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളും പുതിയ പരീക്ഷ-മൂല്യനിർണയ രീതികളും സംബന്ധിച്ചു സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം തുടങ്ങുകയാണ്. ഫെബ്രുവരി 28നകം പൂർത്തിയാക്കും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രങ്ങൾ തുടങ്ങാൻ അനുമതി നൽകി. അസാപ്, ഐഎച്ച്ആർഡി, സിസിഇകെ, കെൽട്രോൺ, ഐസിടി അക്കാദമി എന്നിവയെ ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് എംപാനൽ ചെയ്തിട്ടുണ്ട്. ഇവർക്കു കേന്ദ്രങ്ങൾ തുടങ്ങാൻ സർവകലാശാലകൾ അനുമതി നൽകും. 

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉദ്യമ’ കോൺക്ലേവും ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക മേഖലകൾക്കു പ്രാധാന്യം കൊടുക്കുന്ന കോൺക്ലേവിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെയും വ്യവസായ പ്രതിനിധികളുടെയും നേതൃത്വത്തിൽ വിഷൻ ഡോക്യുമെന്റ് തയാറാക്കും. ഡിസംബർ 19, 20 തീയതികളിൽ കുസാറ്റിൽ നടക്കുന്ന ‘ഉദ്യമ 2.0’ കോൺക്ലേവിനു മുന്നോടിയായി ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ‘ഉദ്യമ 1.0’ നടക്കും. ‘ഉദ്യമ 1.0’ വെബ്സൈറ്റും മന്ത്രി പ്രകാശനം ചെയ്തു.

English Summary:

Maharaja's College Autonomous Status to be Resolved Soon, Assures Minister R. Bindu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com