‘ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നത് എന്തിനെന്ന് ആളുകൾ ചോദിക്കുന്നു; എനിക്ക് വിശ്രമിക്കാറായിട്ടില്ല’
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനും സർക്കാരിന്റെ പ്രതിജ്ഞ നിറവേറ്റാനുമായി പ്രവർത്തിക്കുമ്പോൾ തനിക്കു വിശ്രമിക്കാൻ സാധിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകൾ തന്നോടു ചോദിക്കുന്നുണ്ടെന്നു പറഞ്ഞാണു മോദിയുടെ പരാമർശം.
‘‘ഇന്ത്യ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു. രാജ്യത്തു പരിഷ്കാരങ്ങൾ നടപ്പാക്കി. എന്നിട്ടും എന്തിനാണ് താങ്കൾ ഇത്ര കഠിനാധ്വാനം ചെയ്യുന്നത് എന്ന് നിരവധി പേർ എന്നോടു ചോദിക്കാറുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 12 കോടി ശുചിമുറികളും 16 കോടി വീടുകളിൽ പാചകവാതക കണക്‌ഷനുകളും സ്ഥാപിച്ചു. ഇത് മതിയോ? ഇല്ല എന്നാണ് എന്റെ ഉത്തരം. ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ യുവശക്തിക്ക് നമ്മെ പുതിയ ആകാശത്തേക്ക് എത്തിക്കാൻ കഴിയും’’– എൻഡിടിവി വേൾഡ് ഉച്ചകോടിയിൽ മോദി പറഞ്ഞു.
‘‘ഓരോ സർക്കാരും മുൻ സർക്കാരിന്റെ പ്രവർത്തനവുമായി താരതമ്യം ചെയ്യുന്ന രീതിയുണ്ട്. ഞങ്ങളും ആ വഴി നടന്നിരുന്നു. പക്ഷേ ഇനി മുതൽ നമുക്ക് ഭൂതകാലത്തെയും വർത്തമാനത്തെയും താരതമ്യം ചെയ്തു സന്തോഷിക്കാൻ കഴിയില്ല. ‘നമ്മൾ എന്ത് നേടാനാണ് ആഗ്രഹിക്കുന്നത്’ എന്നതായിരിക്കും. ഇനി വിജയത്തിന്റെ മാനദണ്ഡം. 2047-ഓടെ വികസിത ഇന്ത്യ എന്നതാണ് കാഴ്ചപ്പാട്. ലോകത്ത് ഒരുപാട് പ്രതിസന്ധികൾക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായി ഉയർന്നുവന്നിട്ടുണ്ട്. സാങ്കേതികവിദ്യയെ ഇന്ത്യ ജനാധിപത്യവൽക്കരിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു.