ADVERTISEMENT

തിരുവനന്തപുരം∙ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശങ്ങള്‍ പാലിച്ച സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കി പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍. സര്‍വകലാശാലയിലെ ചില രേഖകള്‍ കാണാനില്ലെന്നു പറഞ്ഞ് സിസയ്‌ക്കെതിരെ പൊലീസ് നടപടിക്കുളള നീക്കമാണ് നടക്കുന്നത്. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും കടമ നിര്‍വഹിക്കുന്ന ഒരുദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുമ്പോഴാണ് സിസ തോമസിനെ കുരുക്കാന്‍ അണിയറയില്‍ കളമൊരുങ്ങുന്നത്. 

സിസയ്ക്കെതിരായ ഹർജിയിൽ സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പൊലീസ് നടപടിയിലൂടെ മറുപടി നല്‍കാനുള്ള സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ശ്രമമാണ് വിവാദമായിരിക്കുന്നത്. സിസയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അനുകൂലമായ കോടതി വിധികള്‍ ഉണ്ടെങ്കിലും സിസ തോമസിനു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

കേസില്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്‍ തീര്‍ത്തും കഴമ്പില്ലാത്ത ആരോപണങ്ങളാണ് സിസയ്‌ക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ നാമനിര്‍ദേശം തള്ളി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസ് 2022 നവംബറില്‍ സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റതു മുതലാണ് അവര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. 

സര്‍വകലാശാല സിന്‍ഡിക്കറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും  താല്‍ക്കാലിക വിസിയായിരുന്ന സിസ തോമസിനെ നിയന്ത്രിക്കാന്‍ 3 അംഗ സമിതി രൂപീകരിച്ചിരുന്നു. ഇതിനെതിരെ സിസ തോമസ് ഗവര്‍ണറെ സമീപിച്ചപ്പോള്‍ നല്‍കിയ രേഖകള്‍ തിരികെ സര്‍വകലാശാലയ്ക്കു വാങ്ങി നല്‍കിയില്ലെന്നാണു ആക്ഷേപം. ബോര്‍ഡ് ഓഫ് ഗവർണേഴ്സ് അംഗങ്ങള്‍ പൊലീസ് നടപടികള്‍ക്കു നിര്‍ദേശിക്കുകയും തുടര്‍ നടപടിക്കായി സിന്‍ഡിക്കറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് വഴി സിസ തോമസിനെതിരെ പൊലീസ് നടപടിക്കാണു സര്‍വകലാശാല ശ്രമമെന്നാണ് ആക്ഷേപം. സാങ്കേതിക സര്‍വകലാശാലയില്‍ സെനറ്റില്ല. പകരമുള്ള സംവിധാനമാണു ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് എന്ന ഒന്‍പതംഗ സമിതി. 

സിസ തോമസ് വിസിയുടെ ചുമതല വഹിച്ചപ്പോള്‍ ഏതാനും ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി സിന്‍ഡിക്കറ്റ് റദ്ദാക്കിയിരുന്നു. സിസ തോമസ് ഇതില്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ചട്ടവിരുദ്ധ നടപടിക്കെതിരെ ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. വിസിയെ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സാണ് പ്രമേയം പാസാക്കിയത്. സിന്‍ഡിക്കറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും കണ്‍വീനര്‍ എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ റജിസ്ട്രാറാണു പ്രിന്റ് ഔട്ട് എടുത്തു വിസിക്കു കൈമാറിയത്. ഇതിലൊന്നും വിസി ഒപ്പു വച്ചിരുന്നില്ല.

റജിസ്ട്രാറിന്റെ കംപ്യൂട്ടറില്‍ തയാറാക്കിയ രേഖകള്‍ ഇപ്പോഴും ആ കംപ്യൂട്ടറില്‍ ലഭ്യമാണെന്നിരിക്കെ രേഖകള്‍ മോഷണം പോയെന്ന വാദം  ബോധപൂര്‍വം ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ വരുതിക്കു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുകയും അതുവഴി അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കുക എന്ന ഉദ്ദേശ്യമാണു രേഖകള്‍ മോഷണം പോയെന്ന പുതിയ ആരോപണത്തിനു പിന്നിലെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി പറഞ്ഞു. 

കെടിയു വിസി സ്ഥാനത്തു നിന്നു ഡോ.എം.എസ്.രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു ചുമതല നല്‍കാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനും സുപ്രീം കോടതി പറയുന്ന അയോഗ്യതാ മാനദണ്ഡം ബാധകമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നിരസിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്‍കാന്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും യുജിസി മാനദണ്ഡമനുസരിച്ച് അക്കാദമിക് രംഗത്തുള്ള വിസി വേണമെന്നു പറഞ്ഞു ഗവര്‍ണര്‍ തള്ളി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ വിസിയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും സര്‍ക്കാരിന്റെ അനിഷ്ടത്തിനു പാത്രമാകുമെന്നു ഭയന്ന് അവര്‍ ഒഴിഞ്ഞു മാറി. ഒടുവില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസയെ നിയമിക്കുകയായിരുന്നു. ജോയിന്റ് ഡയറക്ടറുടെ ജോലിക്കു പുറമേയായിരുന്നു വിസിയുടെ ചുമതല.

വിസി സ്ഥാനം ഏറ്റെടുക്കാന്‍ സര്‍വകലാശാലയില്‍ എത്തിയ ഡോ.സിസയെ എസ്എഫ്‌ഐക്കാരും ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരും തടഞ്ഞു. പൊലീസ് സഹായത്തോടെ അവര്‍ ചുമതലയേറ്റത് സര്‍ക്കാരിനെ കൂടുതല്‍ ചൊടിപ്പിച്ചു. വിസി സ്ഥാനം ഏറ്റെടുക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ഡോ.സിസ രേഖാമൂലം അറിയിച്ചിരുന്നു. ഇക്കാര്യം പറയാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ സിസ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം മൂലം വിസിയുടെ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഡോ.സിസ. ഇതിനിടെ അവരുടെ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്നു. വിധി വിസിക്ക് അനുകൂലമായതോടെ ഉടക്കി നിന്നവര്‍ക്കു സഹകരിക്കേണ്ടി വന്നു. 6 മാസത്തോളം വിസിയായി തുടര്‍ന്നു. 

ഇതിനിടെ സിസയെ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി. വിസിയുടെ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്ന ലക്ഷ്യം. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ക്ക് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ നിയമിക്കേണ്ടി വന്നു. വിസി പദവിയും പ്രിന്‍സിപ്പല്‍ പദവിയും ഒരേ സമയം വഹിച്ച സിസ മാര്‍ച്ച് 31ന് വിരമിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ വീണ്ടും ഇടപെട്ടു.

പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് കുറ്റപത്രം നല്‍കി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്ന ലക്ഷ്യം. മാര്‍ച്ച് 30നു കുറ്റപത്രം നല്‍കാന്‍ ശ്രമിച്ചെങ്കിലും സിസ കൈപ്പറ്റിയില്ല. വിരമിക്കുന്ന ദിവസം സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ സെക്രട്ടറി മുന്‍പാകെ ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്നു ഹാജരാകാന്‍ സാധിക്കില്ലെന്ന് അവര്‍ അറിയിച്ചു. അങ്ങനെ സസ്‌പെന്‍ഷന്‍ വാങ്ങാതെ വിരമിച്ചു. എന്നാല്‍ അച്ചടക്ക നടപടി തുടര്‍ന്നു. സര്‍ക്കാരിന്റെ അനുമതി കൂടാതെ പദവി ഏറ്റെടുത്ത സിസ തോമസിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനെതിരെ ഡോ.സിസ ഹൈക്കോടതിയില്‍ പോയപ്പോള്‍ നടപടി അവസാനിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. എന്നാല്‍ ഡോ.സിസയെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ബലിയാടാക്കരുതെന്നു പറഞ്ഞാണ് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഹര്‍ജി നല്‍കിയ സര്‍ക്കാരിന്റെ നടപടിയില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48-ാം വകുപ്പ് അനുസരിച്ചു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാനും നടപടിയെടുക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജയദീപ് ഗുപ്ത വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

English Summary:

Kerala Government to take revenge by blocking pension of technical university former Vice Chancellor Sisa Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com