ലക്ഷ്യം ഉപതിരഞ്ഞെടുപ്പല്ല, പ്രസംഗങ്ങളിലുണ്ട് ആ ‘മൂന്ന് ശത്രുക്കൾ’; രാഹുൽ വാടിയാലും അൻവറിന് ക്ഷീണം
Mail This Article
പാലക്കാട്∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപമാനിച്ചെങ്കിലും പാലക്കാട്ടെ തന്റെ പാർട്ടി സ്ഥാനാർഥിയെ കോൺഗ്രസിനു വേണ്ടി പിൻവലിക്കാൻ പി.വി.അൻവർ എംഎൽഎ തീരുമാനിച്ചത് അടുത്ത മാസം 13 നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചല്ല. ഉന്നം വച്ചിരിക്കുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പെന്ന സെമി ഫൈനലും ഉണ്ട്. പി.വി.അൻവർ എംഎൽഎയുടെ പ്രസംഗങ്ങളിൽ മൂന്നു പ്രധാന ശത്രുക്കളുണ്ട്. ഫാഷിസം, പിണറായിസം, സതീശനിസം. ഈ മൂന്നുപേർക്കും ശത്രുക്കളായി മറ്റു പലരും ഉണ്ടെന്ന് അൻവറിനു നന്നായി അറിയാം.
ഫാഷിസത്തിന്റെ പേരിൽ ബിജെപിയെ എതിർക്കുമ്പോൾ പിണറായി വിജയന്റെ പേരിലാണ് സിപിഎമ്മിനോടുള്ള എതിർപ്പ്. ഈ രണ്ടു വിഭാഗങ്ങളോടും ഒരു തരത്തിലും ഇനി സന്ധി ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. തുടർച്ചയായി തന്നെ അപമാനിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് കടുത്ത എതിർപ്പ് ഉണ്ടെങ്കിലും താരതമ്യേന കൂടുതൽ സാധ്യതയുള്ളത് യുഡിഎഫിലും കോൺഗ്രസിലും തന്നെയാണ്.
രമേശ് ചെന്നിത്തല ഉൾപ്പെടെ വലിയൊരു നേതൃനിരയെ ചെറുതാക്കുന്ന സതീശനെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട് ഉണ്ടായാൽ തന്റെ സമയം തെളിയുമെന്ന് അൻവർ വിശ്വസിക്കുന്നു. അതായത്, കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയോടെ യുഡിഎഫിൽ തന്റെ പാർട്ടിക്ക് എത്താം. മുസ്‌ലിം ലീഗിനെക്കുറിച്ച് കരുതലോടെ പ്രസംഗിക്കുന്ന അൻവറിന് അവരുടെ പിന്തുണയും നേടാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ചേർന്ന് നിലമ്പൂരിലെ മത്സരവും അദ്ദേഹം ആഗ്രഹിക്കുന്നതായാണ് സൂചന.
രാഹുൽ വാടിയാൽ അൻവറിന് ക്ഷീണമാകും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ഇ.ശ്രീധരനെതിരെ ശക്തമായ പോരാട്ടത്തിൽ ഷാഫി പറമ്പിലിനു വിജയം നേടാൻ സഹായിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകളാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ചിതറിപ്പോയാൽ അത് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തെ ബാധിക്കും.
തന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സ്ഥാനാർഥിയായി എം.എം.മിൻഹാജിനെ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പിടിക്കുന്ന വോട്ടുകൾ യുഡിഎഫിൽ നിന്നാണ് നഷ്ടമാകുകയെന്ന് അൻവറിന് അറിയാം. മറ്റേതെങ്കിലും കാരണം കൊണ്ട് യുഡിഎഫ് തോറ്റ് ബിജെപി ജയിച്ചാൽ ബിജെപിയെ ജയിപ്പിക്കാൻ അൻവർ കൂട്ടുനിന്നുവെന്ന പ്രചാരണം ശക്തമാകും. അത് തന്റെ മതനിരപേക്ഷ നിലപാടിനു തിരിച്ചടിയാകുമെന്ന് അൻവറിന് നന്നായി ബോധ്യമുണ്ട്. ഒരുപക്ഷേ, കോൺഗ്രസ് പരാജയപ്പെട്ട് ഇടതുസ്വതന്ത്രൻ ഡോ.പി.സരിൻ ജയിക്കുന്നതും അൻവറിന് ക്ഷീണമാണ്.