‘കരുത്തനായ സ്ഥാനാർഥി’: പാലക്കാട്ട് ഡിസിസി നിർദേശിച്ചത് മുരളീധരനെ മത്സരിപ്പിക്കാൻ; കത്ത് പുറത്ത്
Mail This Article
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ കരുത്തനായ സ്ഥാനാർഥി കെ.മുരളീധരനാണെന്നു കാണിച്ചു പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കോൺഗ്രസ് നേതൃത്വത്തിന് അയച്ചതെന്നു കരുതുന്ന കത്തു പുറത്ത്. നേതാക്കൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും കത്തിൽ പറയുന്നുണ്ട്.
എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ്മുൻഷി, കെ.സി.വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കാണു കത്തയച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രസക്തി ചൂണ്ടിക്കാണിച്ച ശേഷം ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തിൽ പറയുന്നു. ഇടതുപക്ഷ പ്രവർത്തകരുടെ അടക്കം പിന്തുണ നേടിയെടുക്കുന്ന സ്ഥാനാർഥിയാണു വേണ്ടതെന്നും പറയുന്നു.
വിവിധ സാഹചര്യങ്ങൾ സംബന്ധിച്ചു കോൺഗ്രസ് നേതൃത്വത്തിനു കത്തുകൾ നൽകാറുണ്ടെന്നാണു ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം. ദേശീയനേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തിൽ തന്റെ ഒപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കത്ത് ഡിസിസി പ്രസിഡന്റ് അയച്ചതായി അറിവില്ലെന്ന് പല ഡിസിസി ഭാരവാഹികളും പറഞ്ഞു.