പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്
Mail This Article
കൊച്ചി ∙ പാലാരിവട്ടം സ്വദേശിനിയിൽനിന്നു 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ സംഭവത്തിൽ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പിൽ ഷാജഹാൻ (40) പിടിയിൽ. പാർട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ് മെസ്സേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. 2024 ജനുവരിയിൽ യുവതിയുമായി വാട്സാപ്, ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികൾ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു. ഇതിനായി ഓൺലൈൻ ടാസ്കുകൾ നൽകി.
25 മുതൽ 30 വരെയുള്ള തീയതികളിൽ പരാതിക്കാരിയുടെ 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 25 ലക്ഷത്തിലേറെ തട്ടിയെടുത്തു. പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. അറസ്റ്റിലായ ഷാജഹാൻ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി.
ഈ അക്കൗണ്ടിലെത്തിയ പണം മറ്റു പ്രതികളുടെ സഹായത്താൽ ചെക്ക് മുഖേനയാണു പിൻവലിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരം, ഓൺലൈൻ തട്ടിപ്പ് കേസുകളിൽ കേരളത്തിലുള്ള അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചെന്നു പാലാരിവട്ടം പൊലീസ് പറഞ്ഞു.