ലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഡിവൈഡറിൽ ഇടിച്ച ബസ്സിന്റെ ഡ്രൈവർ സ്റ്റിയറിങ്ങിനും ക്യാബിനും ഇടയിൽ കുടുങ്ങി മരിച്ചു
Mail This Article
ബെംഗളൂരു∙ അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച ആഘാതത്തിൽ ഡ്രൈവർ സ്റ്റിയറിങ്ങിനും ക്യാബിനും ഇടയിൽ കുടുങ്ങി മരിച്ചു. ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ മണ്ഡ്യയ്ക്കു സമീപം പുലർച്ചെയുണ്ടായ അപകടത്തിൽ മലപ്പുറം ഡിപ്പോ ഡ്രൈവർ തിരൂർ താനാളൂർ പകര ചക്കിയത്തിൽ ഹസീബ് (47) ആണു മരിച്ചത്. കണ്ടക്ടർ റഫീഖിന് നിസ്സാര പരുക്കേറ്റു. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4.30നു ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ മണ്ഡ്യ മദ്ദൂരിന് സമീപം ഗജ്ജലക്കരെയിലായിരുന്നു അപകടം.
മുന്നിലെ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് മലപ്പുറം–ബെംഗളൂരു സ്പെഷൽ വീക്കെൻഡ് സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹസീബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്ദൂർ ട്രാഫിക് പൊലീസ് കേസെടുത്തു. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ബസിന്റെ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേയ്ക്കുള്ള ഇന്നലത്തെ മടക്ക സർവീസ് റദ്ദാക്കി.
മൃതദേഹം മണ്ഡ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി മണ്ഡ്യ യൂണിറ്റ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ഹസീബിന്റെ കബറടക്കം ഇന്ന് രാവിലെ 7ന് പകര ജുമാ മസ്ജിദിൽ. പിതാവ്:അബൂബക്കർ, മാതാവ്: ഇയ്യാക്കുട്ടി, ഭാര്യ: ബദറുന്നീസ, മക്കൾ: ഹനാൻ, അൽഫ.