ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 5 പേജ് ഒഴിവാക്കിയ സംഭവം; ഇടപെട്ട് വിവരാവകാശ കമ്മിഷണര്‍
Mail This Article
തിരുവനന്തപുരം ∙ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ അപേക്ഷകര്‍ക്കു നല്‍കിയപ്പോള്‍ 5 പേജ് ഒഴിവാക്കിയ സാംസ്‌കാരിക വകുപ്പിന്റെ നടപടിയില്‍ ഇടപെട്ട് വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം. പേജുകള്‍ ഒഴിവാക്കിയത് അപേക്ഷകരെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നു തെളിവെടുപ്പ് സമയത്തു വിവരാവകാശ കമ്മിഷണര്‍ക്കു മുന്നില്‍ സാംസ്‌കാരിക വകുപ്പ് സമ്മതിച്ചു.
ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു കോട്ടം തട്ടിച്ചതായി വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഉടന്‍ ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിന് വിവരാവകാശ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പേജുകള്‍ പുറത്തുവിടാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍, 97 മുതല്‍ 107 വരെയുള്ള 11 ഖണ്ഡികകള്‍ തുടങ്ങിയവയാണു സാംസ്‌കാരിക വകുപ്പ് പുറത്തുവിടാതിരുന്നത്. പീഡനം നടത്തിയവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയാണിതെന്നു പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിച്ചിരുന്നു.