‘നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ല, മാരകമായ പ്രഹരമേൽപ്പിക്കും’; ഇറാന് ഭീഷണിയുമായി ഇസ്രയേൽ
Mail This Article
ജറുസലം∙ യുദ്ധമുഖത്തെ നീക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഇറാനു വീണ്ടും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേലിനുമേല്‍ ഒരു മിസൈല്‍ കൂടി തൊടുക്കാന്‍ തുനിഞ്ഞാല്‍ തങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് പ്രതികരിക്കും എന്നാണ് ഇസ്രയേലിന്റെ സൈനിക തലവൻ ഹെര്‍സി ഹവേലിയുടെ ഭീഷണി.
ഹിസ്ബുല്ലയ്‌ക്കെതിരെ പുതിയ ഭീഷണിയുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ പുതിയ തലവൻ നയിം ഖാസിമിന്റെ നിയമനം താൽക്കാലികമാണെന്നും ഏറെക്കാലം നീണ്ടുനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഹിസ്ബുല്ലയുടെ പരമോന്നത സമിതിയായ ഷൂറ കൗണ്‍സില്‍ ഇന്നലെയാണ് പുതിയ തലവനായി ഖാസിമിനെ തിരഞ്ഞെടുത്തത്. നസറുള്ളയുടെ വധത്തിനുശേഷം ഹാഷിം സഫിദ്ദീനെയായിരുന്നു നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ ഹാഷിമും കൊല്ലപ്പെട്ടതോടെയാണ് നേതൃസ്ഥാനം ഖാസിമിലേക്ക് എത്തിച്ചേർന്നത്.
ഒരു മാസത്തോളമായി ഇസ്രയേലിന്റെ ശക്തമായ സൈനിക നടപടി തുടരുന്ന വടക്കന്‍ ഗാസയില്‍ ചൊവാഴ്ച രാവിലെയുണ്ടായ വ്യോമാക്രമണത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടു. നാൽപതോളം പേർ അവശിഷ്ടങ്ങൾക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.