കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സൈനിക പിന്മാറ്റം പൂർത്തിയായി; നടപടി സ്വാഗതം ചെയ്ത് യുഎസ്
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. മേഖലയിൽ പട്രോളിങ് വൈകാതെ ആരംഭിക്കും. നിയന്ത്രണ രേഖയിൽനിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈന ഇക്കാര്യം സ്ഥിരീകരിച്ചു. പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലായിരിക്കും പുനഃരാരംഭിക്കുക. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്.
അതേസമയം, അതിർത്തി മേഖലകളിൽ സൈനിക പിന്മാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തി. യുഎസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഡെപ്സാങ്, ഡെംചോക് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികർ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം ഇതു പരിശോധിച്ചു വരികയാണ്. 2020ൽ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിനു മുൻപുള്ള സ്ഥിതി പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം. കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വളരെ വേഗത്തിൽ തന്നെ ഈ പ്രക്രിയ മുന്നോട്ട് പോകുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു.