തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്കു നോട്ടിസ് അയച്ച് ഹൈക്കോടതി
Mail This Article
കൊച്ചി ∙ തൃശൂരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കു നോട്ടിസ് അയച്ച് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം. എഐവൈഎഫ് നേതാവ് എ.എസ്.ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ നടപടി.
വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു തുടങ്ങിയ ആരോപണങ്ങളാണു ഹര്‍ജിയില്‍ ഉള്ളത്. ഇതെല്ലാം നടന്നതു സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. പ്രാഥമികവാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന തൃശൂരിൽ അട്ടിമറി വിജയമാണു സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർഥി കെ.മുരളീധരനും എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറുമായിരുന്നു എതിരാളികൾ.