ജാമ്യാപേക്ഷ നൽകി ദിവ്യ; ഇസ്രയേലിനെതിരെ ആക്രമണമെന്ന സൂചനയുമായി ഇറാൻ– പ്രധാന വാർത്തകൾ
Mail This Article
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ പി.പി.ദിവ്യയുടെ തുടർനടപടികളാണ് ഇന്നത്തെ പ്രധാന വാർത്തകൾ. തലശേരി സെഷൻസ് കോടതിയിൽ ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകി. തെറ്റ് ചെയ്തുവെന്ന് എഡിഎം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. എന്നാൽ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്നും കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിന് തിരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ചത് ഇന്നാണ്. സ്റ്റെതസ്കോപ്പാണ് സരിന് ലഭിച്ചത്. മുൻപു ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സരിനു ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെ ചിഹ്നമായി ലഭിച്ചതു നേട്ടമാകുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.
ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാൻ രംഗത്തെത്തി. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ഇറാൻ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചനയുള്ളത്. ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പമാണു പോസ്റ്റ്. ഉച്ചയ്ക്ക് 1.53ന് പങ്കുവച്ച 25 സെക്കന്റുള്ള വിഡിയോ ട്വീറ്റാണു ചർച്ചയാകുന്നത്.
മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി ഇന്ന് കോടതി തള്ളി. ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദേശങ്ങൾ കോടതി നൽകി. ഈ നിർദേശങ്ങളും പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.