ADVERTISEMENT

തിരുവനന്തപുരം∙ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം ചൂടുപിടിച്ചിരിക്കെയാണ് ബിജെപിയെ വെട്ടിലാക്കി കൊടകര കുഴപ്പണത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ പഴയ വിശ്വസ്തന്‍ തന്നെ പുറത്തുവിട്ടത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുകൂലമായ കാസര്‍കോട് സെഷന്‍സ് കോടതിവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു ദിവസങ്ങള്‍ക്കുളളിലാണ് സംഘടനയെ പ്രതിക്കൂട്ടിലാക്കി കൊടകര കുഴപ്പണക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴല്‍പ്പണം തന്നെയെന്ന് ബിജെപിയുടെ അന്നത്തെ തൃശൂര്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോടികള്‍ നഷ്ടപ്പെട്ടതിനു പുറമേ കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന ആരോപണം പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കു കനത്ത നാണക്കേടുണ്ടാക്കുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. പ്രചാരണത്തിനായി എത്തിയ ഫണ്ട് പോലും ശരിയായി കൈകാര്യം ചെയ്യാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും കവര്‍ച്ചക്കാര്‍ പണം മോഷ്ടിച്ചത് വലിയ നാണക്കേടാണെന്നും പാര്‍ട്ടി അണികളും ആക്ഷേപം ഉന്നയിക്കുന്നു. 

കര്‍ണാടക അതിര്‍ത്തി കടന്ന് കോടികള്‍ ബിജെപി കേരളത്തിലേക്ക് ഒഴുക്കിയെന്ന ആരോപണം ഉപതിരഞ്ഞെടുപ്പില്‍ ചൂടേറിയ പ്രചാരണ ആയുധമാകുമെന്ന് ഉറപ്പായി. കോടികള്‍ ഒഴുക്കി തിരഞ്ഞെടുപ്പ് വരുതിയിലാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജെപിക്ക് സിപിഎം ഒത്താശ ചെയ്തുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പുതിയ വെളിപ്പെടുത്തല്‍ വന്നെങ്കിലും കൊടകര കുഴല്‍പ്പണക്കേസ് എവിടെയെങ്കിലും എത്തുമെന്ന പ്രതീക്ഷയില്ലെന്ന നിരാശയാണ് സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ പങ്കുവച്ചത്. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലും സുനില്‍കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പൊലീസ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കും വിവരങ്ങള്‍ 

2021ല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കില്‍ കെട്ടി പാര്‍ട്ടിയുടെ ജില്ലാ ഓഫിസില്‍ ഏപ്രില്‍ 2ന് രാത്രി 11ന് എത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ എന്നാണ് പറഞ്ഞതെന്നുമാണ് തിരൂര്‍ സതീഷ് പറഞ്ഞത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് സതീഷ് പറഞ്ഞിരിക്കുന്നത്. എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ല. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജനാണ്. ധര്‍മരാജന് മുറി എടുത്തു കൊടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്നും പാര്‍ട്ടിയുമായി ഇപ്പോള്‍ അകന്നു നില്‍ക്കുന്ന സതീഷ് വെളിപ്പെടുത്തി.

എന്നാല്‍, സാമ്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണെന്ന് ആര്‍ക്കും മനസ്സിലാകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സതീഷിനെ സിപിഎം വിലയ്‌ക്കെടുത്തുവെന്നും ബിജെപി ആരോപിക്കുന്നു.  

ഇഡി അറിഞ്ഞിട്ടും അനക്കമില്ല

കേസ് അന്വേഷിച്ച പൊലീസിന്റെ പ്രത്യേക സംഘം തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഇ.ഡി തുടങ്ങി വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കു 2021ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ബിജെപി കര്‍ണാടക, കേരള നേതാക്കളുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇ.ഡി അന്വേഷണം ഇതുവരെ പുരോഗമിച്ചിട്ടില്ല. ഇഡി അന്വേഷണം ആവശ്യപ്പെട്ട് എഎപി കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. 2021 തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കു വേണ്ടി ധര്‍മരാജന്‍ വഴി ഹവാലപ്പണമായി കേരളത്തിലേക്ക് എത്തിയത് 41 കോടി രൂപയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 14.4 കോടി രൂപ എത്തിയത് കര്‍ണാടകയില്‍നിന്നാണ്. 27 കോടി മറ്റ് ഹവാല റൂട്ടിലൂടെയാണ് എത്തിച്ചത്. ഇതിനിടെ കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നും പൊലീസ് പറയുന്നു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ 33.50 കോടി രൂപ വിതരണം ചെയ്തു. ഹവാല റൂട്ട് ഉള്‍പ്പെടെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പറഞ്ഞതു പ്രകാരമാണ് പണം കൊണ്ടുവന്നതെന്ന് ധര്‍മരാജന്‍ പറഞ്ഞതായും മറ്റു പല നേതാക്കള്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ സമാനമായി ധര്‍മരാജന്‍ വഴി 12 കോടി രൂപ കൊണ്ടുവന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

കവർച്ച തിരഞ്ഞെടുപ്പിന് 3 നാള്‍ മുന്‍പ്

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാള്‍ മുന്‍പ്, 2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40ന് ആണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറര്‍ക്കു നല്‍കാന്‍ കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 19 പേര്‍ സാക്ഷികളാണ് കേസിന് ഉള്ളത്. 2021 ഏപ്രില്‍ 7ന് കൊടകര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മേയ് 10നാണ് ചുമതല ഏറ്റെടുത്തത്.

സാക്ഷി പ്രതിയായേക്കുമെന്നു മുഖ്യമന്ത്രി

കുഴല്‍പ്പണക്കേസിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കേസില്‍ സാക്ഷികളായതെന്നും, അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍തന്നെ പ്രതികളായി മാറിയേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ജൂലൈയില്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. നാലാം പ്രതി ബിജെപി പ്രവര്‍ത്തകനായ ധര്‍മരാജന്‍ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ്. പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാന്‍ കൊണ്ടുവന്ന പണമാണെന്നു വെളിവായിട്ടുണ്ട്. 22 പ്രതികളെ അറസ്റ്റ് ചെയ്തു, 1.46 കോടി രൂപ പിടിച്ചെടുത്തു. കേരളത്തില്‍ കൊള്ള ചെയ്ത മൂന്നര കോടി രൂപയ്ക്കു പുറമേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു കര്‍ണാടകയില്‍ സ്വരൂപിച്ചു വച്ചിരുന്ന 16 കോടി രൂപയുടെ വിവരവും ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് വന്‍ നാണക്കേട് 

കൊടകര കുഴൽപ്പണക്കേസ് ബിജെപിക്കു പൊതുസമൂഹത്തിലും അണികള്‍ക്കിടയിലും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയേക്കാള്‍ വലിയ നാണക്കേടാണ് പ്രചാരണത്തിന് എത്തിച്ച പണം ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്ന പരാതി എന്നാണ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ പറഞ്ഞത്. പണവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ അണികളും മറ്റും നേതാക്കളും തയാറായിരുന്നില്ല. ആര്‍എസ്എസ് ചുമതലപ്പെടുത്തിയ സംയോജകരാണ് പണം കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പു സമയത്ത് നേതൃത്വത്തിന്റെ സന്ദേശമെത്തിയത്. അതുകൊണ്ട് പണം കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച ഉണ്ടാകില്ലെന്നാണ് എല്ലാവരും വിശ്വസിച്ചത്. ധര്‍മരാജന്‍ ഉള്‍പ്പെടെ സംഭവത്തില്‍പ്പെട്ടവരെല്ലാം സുരേന്ദ്രന്റെ അടുപ്പക്കാരാണെന്ന് ഒരു വിഭാഗം പാര്‍ട്ടിയില്‍ ആരോപണമുന്നയിച്ചിരുന്നു. ബിജെപി നേതാക്കളുടെ ഇടപാട് തങ്ങള്‍ക്കും പേരുദോഷമുണ്ടായെന്ന് ആര്‍എസ്എസ് നേതൃത്വവും വിലയിരുത്തിയിരുന്നു.

ഏപ്രില്‍ മൂന്നിനു കാറും പണവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടും പരാതി നല്‍കാന്‍ 4 ദിവസം കാത്തിരുന്നതു തിരഞ്ഞെടുപ്പിനുള്ള കുഴല്‍പ്പണമാണ് നഷ്ടമായതെന്ന വിവരം പുറത്തുവരാതിരിക്കാനായിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരാതി നല്‍കിയാല്‍ മതി എന്ന തീരുമാനമാനമാണ് നടപ്പായത്. ഇത്തരത്തില്‍ നിര്‍ദേശം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിനു ശേഷമാണ് 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടതായി ധര്‍മരാജന്‍ പരാതി നല്‍കിയത്. പണം നഷ്ടപ്പെട്ടതിനെക്കാള്‍ പാര്‍ട്ടിയെ ധര്‍മസങ്കടത്തിലാക്കിയത്, കുഴല്‍പ്പണമാണെന്ന വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. 

നഷ്ടപ്പെട്ട തുക 3.5 കോടി രൂപയാണെന്ന വിവരവും പുറത്തു വരരുത് എന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കവര്‍ച്ചാ സംഘത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടി ബന്ധങ്ങള്‍ ഉപയോഗിച്ചു പ്രതികളില്‍ നിന്നു ബാക്കി പണം കണ്ടെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. 3.5 കോടി രൂപ നഷ്ടപ്പെട്ടെന്നും ഇതു ദേശീയ പാര്‍ട്ടിയുടെ പണമാണെന്നുമുള്ള വാര്‍ത്ത വന്നതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

തുടര്‍ന്നു 2 പ്രത്യേക അന്വേഷണ സംഘങ്ങള്‍ നിലവില്‍ വരികയും ഒന്നരക്കോടിയോളം രൂപ കണ്ടെടുക്കുകയുമായിരുന്നു. സാക്ഷിപ്പട്ടികയില്‍ ഏഴാമനായാണു കെ.സുരേന്ദ്രനെ അന്വേഷണ സംഘം ചേര്‍ത്തിരിക്കുന്നത്. സംഘടന സെക്രട്ടറി എം. ഗണേഷ് എട്ടാം സാക്ഷിയും സ്റ്റേറ്റ് ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ 9-ാം സാക്ഷിയുമാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവര്‍ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരന്‍ ധര്‍മരാജന്‍ രണ്ടാം സാക്ഷിയുമായി. കെ.സുരേന്ദ്രന്റെ മകനും സാക്ഷിപ്പട്ടികയില്‍ ഉണ്ടായിരുന്നു. 

സീറ്റിനടിയില്‍ രഹസ്യ അറകളും തുറക്കാന്‍ സ്വിച്ചും

പ്രത്യേക സജ്ജീകരണങ്ങളോടെ തയാറാക്കിയ വാഹനത്തിലാണ് കോടികള്‍ കടത്തിയതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇതേ വാഹനത്തില്‍ കേരളത്തിന്റെ പലഭാഗത്തും ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരം പണമെത്തിച്ചതായുള്ള ധര്‍മരാജന്റെ മൊഴി കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കോഴിക്കോടു വച്ചു പ്രത്യേകം പണിയിച്ചതാണു സീറ്റിനടിയിലെ രഹസ്യ അറകളും തുറക്കാനുള്ള സ്വിച്ചും. തട്ടിയെടുത്ത സംഘം കാറിനുള്‍വശം കുത്തിപ്പൊളിച്ചാണു പണം കണ്ടെത്തിയത്. രഹസ്യ അറ തയാറാക്കാന്‍ 3 ലക്ഷം രൂപ ചെലവാക്കിയെന്നു കുറ്റപത്രം പറയുന്നു. പണം എത്തിക്കാന്‍ ഏല്‍പ്പിച്ച കോഴിക്കോട്ടെ ഹവാല ഏജന്‍സുമാര്‍ വഴിയാണ് കവര്‍ച്ചാ സംഘത്തിന് പണം കൊണ്ടുപോകുന്നതിനെക്കുറിച്ചു വിവരം ലഭിച്ചത്.

English Summary:

Kodanad Heist: BJP in Hot Water as Former Insider Links Stolen Money to Party Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com