ADVERTISEMENT

തിരുവനന്തപുരം ∙ തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സതീശൻ സിപിഎം നേതാവ് എ.സി.മൊയ്തീനുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്തിനു വേണ്ടിയായിരുന്നെന്നും കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകൾ അതിന്റെ ഭാഗമാണെന്നും ശോഭ പറഞ്ഞു.

‘‘ബിജെപിയുടെ  ഓഫിസിൽ ജോലി ചെയ്തിരുന്ന, തന്റെ വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ പണം കൊടുത്തുവാങ്ങിയിരിക്കുകയാണ്. എന്തിനാണ് എ.സി.മൊയ്തീനെ സതീശൻ അടിക്കടി കണ്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തിൽ ഞങ്ങളും ശ്രദ്ധാലുക്കളാണ്. കൊടകര കുഴൽപ്പണക്കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?’– ശോഭാ സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, തിരൂർ സതീശനെ തനിക്ക് അറിയില്ലെന്നും ബിജെപി വീണിടത്തു കിടന്ന് ഉരുളുകയാണെന്നും എ.സി.മൊയ്തീൻ പ്രതികരിച്ചു. ‘‘മാധ്യമങ്ങളിലൂടെ മാത്രമാണ് തിരൂർ സതീശനെ കുറിച്ച് കേട്ടിട്ടുള്ളത്. ശോഭയുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. എന്റെ നാട്ടുകാർക്ക് എന്നെക്കുറിച്ചും ബിജെപിയെക്കുറിച്ചും അറിയാം. കൊടകരയിലേത് കള്ളപ്പണമാണെന്ന് ബിജെപിക്കാർ തന്നെ പറയുന്നു. പാലക്കാട്ടെ സ്ഥാനാർഥിയെക്കുറിച്ചും അതല്ലേ പറയുന്നത്. കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം കൊണ്ടുവന്നതെന്ന് പറയുന്നു. അതു ഞങ്ങളല്ലല്ലോ പറഞ്ഞത്. അതിന് ഞങ്ങളെ ആക്ഷേപിക്കുന്നതെന്തിനാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.’’–മൊയ്തീൻ പറഞ്ഞു.

English Summary:

Sobha Surendran on disclosure in Kodakara case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com