‘സ്റ്റാൻ സ്വാമിയുടെയും സായിബാബയുടെയും മരണത്തിന് ജുഡീഷ്യറി ഉത്തരം പറഞ്ഞേ മതിയാകൂ’
Mail This Article
കോഴിക്കോട് ∙ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെയും ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ.സായിബാബയുടെയും മരണത്തിന് ജുഡീഷ്യറി ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് നടിയും സാമൂഹിക പ്രവർത്തകയുമായ സ്വര ഭാസ്കർ. സ്റ്റാന്‍ സ്വാമിക്ക് പാർക്കിന്‍സൺസ് ആയിരുന്നു. തുടർച്ചയായി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഗ്ലാസ് കൈകൊണ്ട് പിടിക്കാനാകാത്തതിനാൽ വെള്ളം കുടിക്കാൻ സിപ്പർ ചോദിച്ചെങ്കിലും അതു പോലും അനുവദിച്ചില്ല. ജാമ്യം കാത്തിരിക്കെ 84–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. അതിനെ ഒരു ‘ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ’ എന്നു വിളിച്ചേ തീരൂ.
ശാരീരികമായി 90 ശതമാനവും തളർന്ന ആളായിരുന്നു സായിബാബ. അദ്ദേഹത്തിനും ജാമ്യം തുടർച്ചയായി നിഷേധിച്ചു. ഒടുവിൽ ജാമ്യം ലഭിച്ചപ്പോൾ 7–8 മാസത്തിനപ്പുറത്തേക്ക് ജീവിതം പോകില്ലെന്ന് ഉറപ്പായിരുന്നു. ആരോഗ്യപരമായി അത്രയേറെ തളർന്നിരുന്നു. ഇതെല്ലാമാണ് അധികാരത്തിന്റെ ദുർവിനിയോഗം. മാത്രവുമല്ല, കോടതി അതിന്റെ ജോലി കൃത്യമായി നിർവഹിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിക്കും– സ്വര ഭാസ്കർ പറഞ്ഞു. ‘കലകൊണ്ട് വിയോജനം രേഖപ്പെടുത്തുന്നവർ’ എന്ന വിഷയത്തിൽ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു സ്വര.