‘ജപ്പാനിൽ വർഷം എത്ര ഭൂകമ്പവും സൂനാമിയുമെന്ന് കണക്കുണ്ടോ? പൊട്ടിത്തെറിയുടെ വക്കിലല്ല കേരളം’
Mail This Article
കോഴിക്കോട് ∙ കേരളം പാരിസ്ഥിതിക പൊട്ടിത്തെറിയുടെ വക്കിലാണെന്നു കരുതുന്നില്ലെന്നും ലോകത്ത് സുരക്ഷിതമായി ജീവിക്കാനാവുന്ന പ്രദേശമാണെന്നും സന്തോഷ് ജോർജ് കുളങ്ങര. മലയാള മനോരമ ഹോർത്തൂസിൽ ‘ലോകസഞ്ചാര പാഠങ്ങൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ കോട്ടയം ബ്യൂറോ ചീഫ് രാജു മാത്യു മോഡറേറ്ററായിരുന്നു.
എല്ലാ വർഷവും ചുഴലിക്കൊടുങ്കാറ്റടിച്ച് താറുമാറാകുന്ന നാടാണ് യുഎസിലെ ഫ്ലോറിഡ. അവിടെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. പ്രകൃതിദുരന്തങ്ങൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുള്ള കേരളത്തിൽ എത്ര സ്ഥലത്താണ് ഉരുൾപൊട്ടലുണ്ടായത്? വയനാട്ടിൽ ദുരന്തമുണ്ടായെന്നു പറഞ്ഞ് അതിനു വലിയ പ്രചാരം കൊടുത്ത് കേരളത്തിലേക്കു പോലും ആളുകൾ വരാത്ത സ്ഥിതിയുണ്ടാക്കി.
വയനാട്ടിലെ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ വാർഡുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. അതിനെ സാമാന്യവൽക്കരിച്ച്, കേരളം മുഴുവൻ പൊട്ടിത്തെറിയുടെ വക്കിലാണെന്നു പ്രചരിപ്പിക്കുന്നവർക്ക് എന്തോ താൽപര്യമുണ്ടെന്നു കരുതുന്നു. ജപ്പാനിൽ ഒരു വർഷം എത്ര ഭൂകമ്പമുണ്ടാകുന്നുവെന്നോ എത്ര സൂനാമിയടിക്കുന്നുവെന്നോ കണക്കുണ്ടോ? നമ്മൾ നമ്മുടെ മാത്രം ലോകത്തിരുന്ന്, എന്തോ നേടാൻ വേണ്ടി ആരോ നടത്തുന്ന പ്രചാരവേലകളിൽ വീഴേണ്ടതില്ല. എന്നാൽ, പ്രകൃതിയെ സംരക്ഷിക്കണം എന്നതിൽ ഒരു സംശയവുമില്ല.
പ്രകൃതിസംരക്ഷണം നടത്തിയാൽ മാത്രം പ്രകൃതിദുരന്തങ്ങളെ ഒഴിവാക്കാൻ കഴിയില്ല. ശാസ്ത്രീയമായി അതിന്റെ സാധ്യതകളും സാഹചര്യങ്ങളും പഠിക്കണം. ആകാശത്തുനിന്നു നോക്കിയാൽ പച്ചപ്പിന്റെ കാടാണ് കേരളം. അവിടെ ഇന്നും, ഏതോ കാലത്തെ മുദ്രാവാക്യം വിളിച്ചുകൊണ്ടു നടക്കേണ്ടതില്ല. കെട്ടിടം നിർമിക്കുമ്പോഴും പുതിയ പദ്ധതികൾ വരുമ്പോഴും പാരിസ്ഥിതിക ആഘാത പഠനം നടത്തണം. അതു പഠിക്കണം. അല്ലാതെ ചാനൽ ചർച്ചകളിൽ ആളാകാൻ വേണ്ടി പറയരുത്. ശാസ്ത്രീയമായി പറയാൻ കഴിയുന്ന ആളുകൾ പറയുന്നതാണ് നമ്മൾ കേൾക്കേണ്ടത്.
പാരിസ്ഥിതിക പ്രതിസന്ധികളെ പർവതീകരിക്കുന്നതിനു പകരം യാഥാർഥ്യബോധത്തോടെ അഭിമുഖീകരിക്കുകയും പരിഹാര മാർഗം കണ്ടെത്താൻ ശ്രമിക്കുകയും വേണം. ലോകം നിങ്ങളെ പഠിപ്പിക്കണമെങ്കിൽ നിങ്ങൾ പഠിക്കാൻ മനസ്സു തുറന്നുവച്ച് യാത്ര ചെയ്യണം. ലോകത്തിന്റെ അറിവുകളിലേക്കും അദ്ഭുതങ്ങളിലേക്കും യാത്ര ചെയ്യണമെന്നും സന്തോഷ് പറഞ്ഞു.