ADVERTISEMENT

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഒരു ഘട്ടത്തിൽ രാഷ്ട്രീയം വിടാൻ പോലും ആഗ്രഹിച്ചിരുന്നെന്ന് മകൾ ശർമിഷ്ഠ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ അവസാന ദിനം ‘പ്രണബ് മൈ ഫാദർ’ എന്ന സെഷനിൽ പ്രണബ് മുഖർജിയുടെ ഓർമകൾ‌ പങ്കുവയ്ക്കുകയായിരുന്നു അവർ. ‘‘ഒട്ടേറെ അരക്ഷിതാവസ്ഥകളിലൂടെ പ്രണബ് കടന്നു പോയിട്ടുണ്ട്. ഇതെല്ലാം അറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷം വായിച്ച ഡയറിക്കുറിപ്പുകളിൽനിന്നാണ്. ആ ഡയറിക്കുറിപ്പുകൾ പെൺമക്കൾക്കു നൽകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ മരണശേഷം മാത്രം. ഡയറി വായിച്ചതിൽനിന്നു പല കാര്യങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. എന്നെപ്പറ്റി പറഞ്ഞ ചില കാര്യങ്ങൾ പോലും ഒഴിവാക്കി’’– ശർമിഷ്ഠ ചിരിയോടെ പറഞ്ഞു.

‘‘പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് പ്രണബ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച്‌ പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രമായിരുന്നു. പാർലമെന്റ് തടസ്സപ്പെടുത്തുന്നതു രാജ്യത്തിന്റെ വികസനത്തെയുമാണു തടസ്സപ്പെടുത്തുന്നത്. താൻ ജീവിതത്തിൽനിന്നു നേടിയതെല്ലാം ഇന്ദിര ഗാന്ധി കാരണമാണെന്നു മരണം വരെ പ്രണബ് വിശ്വസിച്ചിരുന്നു. മുൻപും ഇന്ത്യയിൽ സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ട്. എന്നാൽ അതൊന്നും പുറത്തു പറയാറില്ല. അതിർത്തി മറികടക്കുന്നതു പരസ്യമായി പറയേണ്ട കാര്യമാണോ? പുതിയ എൻഡിഎ സർക്കാർ വന്നതിനു ശേഷമാണ് അതെല്ലാം പരസ്യമാക്കിത്തുടങ്ങിയത്. കേന്ദ്രമന്ത്രിയായിരിക്കെ ഇത്തരം ശക്തമായ നീക്കങ്ങൾ പലതും നടത്തിയതിനെപ്പറ്റി പ്രണബ് ഡയറിയിൽ എഴുതിയിട്ടുണ്ട്.

കോൺഗ്രസ് എന്നാൽ ഇന്ത്യയാണ്. അത്രയേറെയാണു പാർട്ടിയിലെ വൈവിധ്യം. കോൺഗ്രസിൽ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നാൽ അത് ഇന്ത്യയിലെ പല ഭാഗങ്ങളിലെയും അഭിപ്രായമായാണ് കണക്കാക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിക്കു പകരം പ്രണബ് മുഖർജി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ പ്രണബിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഒരിക്കലും ഉണ്ടായിട്ടില്ല. യഥാർഥത്തിൽ പ്രണബ് ആണ് രാജീവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചത്.

രാജീവും പ്രണബും പ്രധാനമന്ത്രിസ്ഥാനത്തേക്കു വരുന്നതു സംബന്ധിച്ചു പരസ്പരം തർക്കമുണ്ടായിരുന്നുവെന്നു വരെ അന്ന് പ്രചാരണമുണ്ടായി. എന്നാൽ കോണ്‍ഗ്രസ് നേതാവ് അബു ബർഖത്ത് ഘാനി ഖാൻ ചൗധരിയാണ് ഇത്തരമൊരു പ്രശ്നം പാർട്ടിയിലുണ്ടെന്ന മട്ടിൽ മാധ്യമങ്ങൾ‌ക്ക് വിവരം നൽകിയതെന്ന് പിതാവ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇന്ദിരയുമായി പ്രണബിനുണ്ടായിരുന്ന ബന്ധവും പാർട്ടിയിലെ രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാമായിരിക്കാം അതിനു കാരണം’’ – ശർമിഷ്ഠ ചൂണ്ടിക്കാട്ടി.

English Summary:

Pranab Mukherjee's Untold Stories Revealed by Daughter at Literature Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com