സംവിധാനങ്ങളെ കുറ്റം പറയാതെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടണം: അൽഫോൻസ് കണ്ണന്താനം
Mail This Article
കോഴിക്കോട്∙ സംവിധാനങ്ങളെ കുറ്റം പറയുക മാത്രം ചെയ്യാതെ അതിനെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടുകയാണു വേണ്ടതെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. ‘‘നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാന ഭാഗം നട്ടെല്ലാണ്. അതു ശരീരത്തിന്റെ പിൻഭാഗത്തല്ല, മസ്തിഷ്കത്തിലാണു വേണ്ടത്. അതുണ്ടാവണം നമുക്ക്. എങ്കിലേ ഇച്ഛാശക്തിയോടെ തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും കഴിയൂ’’ അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഹോർത്തൂസിൽ ‘നീതി, നിയമം, സമൂഹം’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജീഷ് മുരളീധരനായിരുന്നു മോഡറേറ്റർ.
രാഷ്ട്രീയക്കാരെ ഭയപ്പെടാതെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണമെന്ന് കണ്ണന്താനം പറഞ്ഞു. ‘‘എന്തിനാണു സ്ഥലംമാറ്റത്തെ ഭയപ്പെടുന്നത്? ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനാവണം. നമ്മുടെ വിദ്യാഭ്യാസം സമ്പ്രദായത്തിൽ പ്രശ്നങ്ങളുള്ളതുകൊണ്ടാണു കുട്ടികൾ പുറത്തേക്കു പഠിക്കാൻ പോകുന്നത്. എന്തിനാണ് പഠിക്കുന്നത് എന്നറിയാതെ, അധ്യാപകർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ കാണാതെ പഠിക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസം. കുട്ടികൾ അധ്യാപകരുടെ ഫോട്ടോകോപ്പി ആകരുത്.
നമ്മൾ ബുദ്ധിയുള്ളവരാണ്, കഴിവുണ്ട്, എന്നിട്ടും എന്തുകൊണ്ടു നമ്മുടെ കുട്ടികൾ പുറത്തേക്കു പോകുന്നു? എന്തുകൊണ്ട് ഇവിടെ അവസരം കിട്ടുന്നില്ല? എന്തുകൊണ്ട് കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെ ജോലിക്ക് അവസരങ്ങൾ കിട്ടുന്നില്ലെന്ന് എംഎൽഎമാരോടും എംപിമാരോടും ചോദിക്കണം. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ശത്രുക്കളാണ് എന്നുതന്നെ പറയേണ്ടിവരും. കുട്ടികളെ ഡോക്ടർമാരും എൻജിനീയർമാരുമാക്കാനാണ് അവരിൽ പലരും ശ്രമിക്കുന്നത്. കുട്ടികളെ പണമുണ്ടാക്കാനുള്ള എടിഎം മെഷീനുകളാക്കാനാണ് അവരുടെ ശ്രമം. വിദേശത്തു പഠിക്കാൻ പോകുമ്പോൾ നല്ല കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം’’ – അദ്ദേഹം പറഞ്ഞു.