അങ്ങനിപ്പോ ആരും കഞ്ചാവ് വലിക്കേണ്ട; നിയമഭേദഗതി നീക്കം തടഞ്ഞ് ഫ്ലോറിഡയിലെ വോട്ടർമാർ
Mail This Article
ഫ്ലോറിഡ∙ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിയമത്തെയും പൊലീസിനെയും പേടിക്കാതെ ആവശ്യത്തിനു കഞ്ചാവ് വാങ്ങി വലിക്കാമെന്നു പ്രതീക്ഷിച്ച ഫ്ലോറിഡക്കാരെ നിരാശപ്പെടുത്തുന്നതാണു പുറത്തുവരുന്ന ഫലം. ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിലെന്ന പോലെ കഞ്ചാവുപയോഗത്തിന്റെ കാര്യത്തിലും യാഥാസ്ഥിതികമെന്നു വിമർശകർ വിളിക്കാവുന്ന തീരുമാനമാണ് ഫ്ലോറിഡയിലെ വോട്ടർമാർ എടുത്തിരിക്കുന്നത്. 21 വയസിനു മുകളിലുള്ളവർക്കു വിനോദത്തിനായി കഞ്ചാവുപയോഗിക്കുന്നതു നിയമവിധേയമാക്കുന്ന ഭേദഗതി ഫ്ലോറിഡ സംസ്ഥാനത്തെ ബാലറ്റിന്റെ ഭാഗമായിരുന്നു. അത്തരമൊരു ഭേദഗതി നടപ്പാക്കണോ വേണ്ടയോ എന്ന ചോദ്യത്തിനു ഭൂരിപക്ഷം വോട്ടർമാരും വേണ്ടായെന്ന മറുപടിയാണ് നൽകിയത്. 60% പേരുടെ പിന്തുണയായിരുന്നു ഭേദഗതി സാധ്യമാക്കാൻ വേണ്ടത്.
അത്തരമൊരു ഭേദഗതി അനുവദിക്കുന്നത് ലഹരി പദാർഥങ്ങളുടെ ലഭ്യത വളരെ എളുപ്പമാക്കുമെന്നും ഇപ്പോൾത്തന്നെ രാജ്യം നേരിടുന്ന ലഹരി പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നുമാണു ഭേദഗതിയെ എതിർത്തവരുടെ വാദം. സംസ്ഥാനത്തെ പരമോന്നത കോടതിയുടെ അനുമതിയോടെയാണു വിഷയം ബാലറ്റിലുൾപ്പെടുത്തിയിരുന്നത്. ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങളിലെ ഇളവുകൾക്കായുള്ള നീക്കങ്ങളെ ചെറുത്തതുപോലെ തന്നെ കഞ്ചാവ് വലിക്കുന്നതു നിയമവിധേയമാക്കാനുള്ള നീക്കത്തെയും ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റെസും സംഘവും ശക്തമായി എതിർത്തിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ കഞ്ചാവ് മരുന്നുകളിൽ ഉപയോഗിക്കാനനുവദിക്കുന്ന ഭേദഗതിക്കനുകൂലമായി 71% പേർ വോട്ട് ചെയ്തിരുന്നു.