ഗ്രാമത്തിന്‍റെ പ്രിയപ്പെട്ട പേരക്കുട്ടിക്ക് പരാജയം; തുളസീന്ദ്രപുരത്തിന് നിരാശ സമ്മാനിച്ച് യുഎസ് തിരഞ്ഞെടുപ്പ് ഫലം
Mail This Article
ചെന്നൈ ∙ അമേരിക്കയുടെ പുതിയ പ്രസിഡന്‍റിനെ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് തമിഴ്നാട്ടിലെ തിരുവാരൂർ തുളസീന്ദ്രപുരത്തെ ജനങ്ങൾ കാത്തിരുന്നത്. ഗ്രാമത്തിന്‍റെ പ്രിയപ്പെട്ട പേരക്കുട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുന്നതായിരുന്നു ജനങ്ങളുടെ ആകാംക്ഷയുടെ പിന്നിലെ വികാരം. പക്ഷേ വോട്ട് എണ്ണി തുടങ്ങിയതോടെ ആകാംക്ഷ നിരാശയ്ക്ക് വഴി മാറി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ കമല ഹാരിസിനെ മറി കടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ് ഗ്രാമത്തിൽ നിരാശ പടർന്നത്.
ഇന്നലെ കമലയ്ക്ക് വേണ്ടി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നിരുന്നു. കമല ജയിച്ചാൽ അന്നദാനം നടത്തുന്നതിനും ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. പരാജയത്തോടെ കമലയുടെ വിജയം ആഘോഷിക്കാൻ സാധിക്കാത്ത നിരാശയിലാണ് ഗ്രാമവാസികൾ. 2014 ലെ കുംഭാഭിഷേകത്തിന് കമലയും സംഭാവന നൽകിയിട്ടുണ്ട്.
കമലയുടെ മുത്തച്ഛൻ പി.വി.ഗോപാലന്‍റെ ഗ്രാമമാണു തുളസീന്ദ്രപുരം. പൈങ്ങനാട് വെങ്കിട്ടരാമൻ ഗോപാലൻ അയ്യർ എന്ന പി.വി.ഗോപാലൻ, കമല ഹാരിസിന്‍റെ മുത്തച്ഛൻ, 1911-ൽ നൂറോളം അഗ്രഹാരങ്ങളുണ്ടായിരുന്ന തമിഴ്നാട്ടിലെ തിരുവാരൂർ തുളസീന്ദ്രപുരം ഗ്രാമവുമായി എല്ലായ്പ്പോഴും ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം പെൺക്കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പെൺമക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കിയ ഗോപാലൻ ബ്രിട്ടിഷ് ഇന്ത്യൻ സിവിൽ സർവീസിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. സാംബിയയിലെ അഭയാർഥി പ്രതിസന്ധിയിൽ ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് സാംബിയൻ പ്രസിഡന്‍റിന്‍റെ ഉപദേശകനുമായി.
ഗോപാലന്‍റെ മകൾ ശ്യാമള ഗോപാലൻ, കമലയുടെ അമ്മ, ബെർക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്ന് എൻഡോക്രൈനോളജിയിൽ പിഎച്ച്ഡി നേടി സ്തനാർബുദ ഗവേഷകയായി. ജമൈക്കക്കാരനായ ഡോണൾഡ് ജെ. ഹാരിസിനെ വിവാഹം കഴിച്ച ശ്യാമള യുഎസിൽ സ്ഥിരതാമസമായി. ഗോപാലന്‍റെ മറ്റ് മക്കളായ സരള (ചെന്നൈയിൽ ഡോക്ടർ), ബാലചന്ദ്രൻ (വിദ്യാഭ്യാസ വിദഗ്ധൻ), മഹാലക്ഷ്മി (ഇൻഫർമേഷൻ സയന്‍റിസ്റ്റ്) എന്നിവരും പിതാവിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു.
ഒരു കാലത്ത് നിരവധി അഗ്രഹാരങ്ങളുണ്ടായിരുന്ന തുളസീന്ദ്രപുരം ഇന്ന് ശ്രീധർമശാസ്താ ക്ഷേത്രത്തെ കേന്ദ്രമാക്കിയാണ് നിലനിൽക്കുന്നത്. കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലൻ താമസിച്ചിരുന്ന സ്ഥലം ഇപ്പോൾ തരിശായി കിടക്കുന്നുണ്ടെങ്കിലും, കമലയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ഇവിടെ എത്താറുണ്ട്.
ഗ്രാമത്തിൽ നിന്ന് പോയി ഉന്നത ജോലികൾ ചെയ്യുന്നവർ പലരും തങ്ങളുടെ കുലദൈവത്തെ മറക്കുമ്പോൾ, ഗോപാലൻ കുടുംബം ക്ഷേത്രത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നു. ക്ഷേത്ര നിർമാണത്തിൽ സഹായിച്ചു. കമലയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ തുളസീന്ദ്രപുരം സന്ദർശിച്ചിരുന്നു. വിരമിച്ച ശേഷം ഗോപാലൻ കുടുംബം ചെന്നൈയിലെ ബസന്ത് നഗറിലാണ് താമസിച്ചത്. കമല തന്‍റെ ആത്മകഥയിൽ മുത്തച്ഛന്‍റെ എൺപതാം പിറന്നാൾ ആഘോഷത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
2020-ൽ കമല വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ തുളസീന്ദ്രപുരം പ്രാർത്ഥനയിൽ മുഴുകി. അവർ വിജയിച്ചപ്പോൾ ഗ്രാമം ആഘോഷമാക്കി. ഇപ്പോൾ കമലയുടെ പരാജയത്തിൽ നിരാശയിലാണ് ഗ്രാമം.
കമല വൈസ് പ്രസിഡന്റായതോടെ തുളസീന്ദ്രപുരം ലോക ശ്രദ്ധ നേടി. അമേരിക്കൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിനു സമീപത്തുള്ള വാട്ടർ ടാങ്കിന് മുന്നിൽ കമലയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ ജോ ബൈഡനും കമലയ്ക്കുമൊപ്പമുള്ള ഒരു ചിത്രം പോലും ഉണ്ട്. ആഘോഷത്തിന് ഒരുങ്ങിയിരുന്ന ഗ്രാമത്തിൽ നിരാശ മൂകത പടർന്നെങ്കിലും ഇനി കമല മഹത്തായ വിജയം കൈവരിക്കുന്ന പോരാളിയായി തന്നെ നാടിന് യശസ്സ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് തുളസീന്ദ്രപുരം