ADVERTISEMENT

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം, ടെക്നോളജി, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സൂപ്പർപവറുകളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരസ്പര ധാരണയോടെ മുന്നോട്ടു പോകാമെന്ന മനോഭാവം വിട്ട് ട്രംപ് കടുത്ത ചൈനീസ് വിരുദ്ധ നിലപാടുകളെടുത്തു. 

ആദ്യ തവണത്തേതിനെക്കാൾ വോട്ടു ശതമാനം വർധിപ്പിച്ചാണ് ട്രംപ് ഇത്തവണ അധികാരം പിടിച്ചത്. അതുകൊണ്ടുതന്നെ ഇനിയും ട്രംപിന്റെ ‘കടുംപിടുത്ത’ നയങ്ങൾ വർധിത വീര്യത്തോടെതന്നെ ഉണ്ടായേക്കുമെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, ട്രംപിന്റെ വിദേശ നയം ചൈനയ്ക്ക് രാജ്യാന്തര ബന്ധങ്ങൾ വളർത്താൻ സഹായകമായകുമെന്ന വിലയിരുത്തലും ഉണ്ട്. 

250 ബില്യൻ യുഎസ് ഡോളറിന്റെ നികുതി ചൈനീസ് ഇറക്കുമതിക്ക് ആദ്യ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. ഇത്തവണ ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ 60-100% വരെ നികുതിയേർപ്പെടുത്തുമെന്ന് പ്രചാരണവേളയിൽത്തന്നെ ട്രംപ് പറഞ്ഞിരുന്നു. 

യുഎസ് തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് ബെയ്ജിങ് പ്രതീക്ഷിച്ചിരുന്നത്. ട്രംപിന്റെ വിജയമായിരുന്നില്ല ചൈന പ്രതീക്ഷിച്ചിരുന്ന ഫലം, ട്രംപിന്റെ വിജയത്തിൽ ആശങ്കയുണ്ടെങ്കിലും അത് അപ്രതീക്ഷിതമായിരുന്നില്ലെന്ന് കാർനെയ്ഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷനൽ പീസിലെ സീനിയർ ഫെലോ തോങ് ഴാവോ വിലയിരുത്തി. ചൈനയുടെ ശക്തിയും അധികാരവും ഉയർത്തിക്കാട്ടി, ട്രംപുമായി വ്യക്തിപരമായി മികച്ച ബന്ധം നിലനിർത്താനായിരിക്കും ചൈനീസ് നേതൃത്വം ശ്രമിക്കുകയെന്ന വിലയിരുത്തലാണ് ബെയ്ജിങ്ങിലെ സിങുവ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റർനാഷനൽ സെക്യൂരിറ്റി ആൻഡ് സ്ട്രാറ്റജി ഡയറക്ടർ ഡാ വെയ് നടത്തുന്നത്. ട്രംപിന്റെ വിജയം ചൈന – യുഎസ് ബന്ധത്തിന് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

China's reaction to Trump's re-election and its potential impact on already strained China-US relations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com