ട്രംപ് തിരുത്തിയത് 20 വർഷത്തെ ചരിത്രം; 2 ദശാബ്ദത്തിനിടെ ‘ജനകീയ’ വിജയം നേടുന്ന ആദ്യ റിപ്പബ്ലിക്കൻ
Mail This Article
വാഷിങ്ടൻ∙ ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്ല്യു.ബുഷ് ആയിരുന്നു ഇതിനു മുൻപ് ജനകീയ വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി.
2004ൽ നടന്ന തിരഞ്ഞെടുപ്പിൽ 62,040,610 വോട്ടുകളും 286 ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കിയാണ് ബുഷ് വൈറ്റ് ഹൗസിലെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ജോൺ കെറി അന്ന് നേടിയത് 59,028,444 ജനകീയ വോട്ടുകളും 251 ഇലക്ടറൽ വോട്ടുകളുമാണ്.
കഴിഞ്ഞ 20 വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം പരിശോധിച്ചാൽ, 69,498,516 (52.9%) ജനകീയ വോട്ടുകളുമായി 2008ൽ ബറാക് ഒബാമയാണ് അന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടിയത്. 365 ഇലക്ടറൽ വോട്ടുകളും ഒബാമ നേടിയിരുന്നു. എന്നാൽ 2012ൽ നടന്ന തിരിഞ്ഞെടുപ്പിൽ വോട്ടു ശതമാനത്തിലും (51.1%) ഇലക്ടറൽ വോട്ടിലും ചെറിയ ഇടിവുണ്ടായി– 332.
2016ലെ തിരഞ്ഞെടുപ്പിൽ യുഎസ് കണ്ടത് ഇതിനു തീർത്തും വിപരീതമായ, അസാധാരണമായ ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു. ജനകീയ വോട്ടുകൾ കൂടുതൽ നേടിയ ഹിലറി ക്ലിന്റൻ ഇലക്ടറൽ വോട്ടുകൾ കുറഞ്ഞതിനാൽ പരാജയം രുചിച്ചു. 2016ൽ ഹിലറിക്ക് ട്രംപിനേക്കാൾ 29 ലക്ഷത്തോളം വോട്ടുകളാണ് അധികം ലഭിച്ചത്. ട്രംപിന് 46.1 ശതമാനം ജനകീയ വോട്ടുകളും ഹിലറിക്ക് 48.2 ശതമാനം വോട്ടുകളും. എന്നാൽ ഹിലറിക്ക് 227 ഇലക്ടറൽ വോട്ടുകളും ട്രംപിന് 304 ഇലക്ടറൽ വോട്ടുകളും ലഭിച്ചു.
2020ലാകട്ടെ ഒബാമയുടെ റെക്കോർഡ് തകർത്തു കൊണ്ടായിരുന്നു ജോ ബൈഡന്റെ മുന്നേറ്റം. 81,284,000 ജനകീയ വോട്ടുകളും (51.3%) 306 ഇലക്ടറൽ വോട്ടുകളുമാണ് ബൈഡൻ നേടിയത്. അന്ന് ട്രംപിന് ലഭിച്ചത് 74,221,000 ജനകീയ വോട്ടുകളായിരുന്നു (46.9%). ട്രംപിന് അന്നു ലഭിച്ചത് 232 ഇലക്ടറൽ വോട്ടുകളായിരുന്നു.
2016ൽ ജനകീയ വോട്ടുകളിൽ പിന്നിൽ പോയ ട്രംപ് ആ കുറവു പരിഹരിച്ചാണ് ഇത്തവണ പ്രസിഡന്റ് പദവിയിലേറുന്നത്. ട്രംപ് 7.14 കോടി ജനകീയ വോട്ടുകൾ നേടിയപ്പോൾ കമല നേടിയത് 6.64 കോടിയാണ്. 50 ലക്ഷത്തിലേറെയാണ് ഇതുവരെയുള്ള കണക്കിൽ ലീഡ്.