കമലയുടെ പരാജയം മറക്കാം; ഇന്ത്യയുടെ അഭിമാനമായി യുഎസിന്റെ സെക്കന്റ് ലേഡി, ആരാണ് ഉഷ വാൻസ് ?
Mail This Article
വാഷിങ്ടൻ ∙ ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് യുഎസിന്റെ പ്രസിഡന്റാകുമെന്ന പ്രതീക്ഷകൾ ട്രംപിന്റെ തേരോട്ടം തകർത്തുകഴിഞ്ഞു. എന്നാൽ കമലയുടെ പരാജയത്തിലും ഇന്ത്യക്കാർക്ക് അഭിമാനമായി മറ്റൊരു വനിതയുണ്ട് യുഎസിൽ. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസിന്റെ പങ്കാളി. ഇന്ത്യൻ വംശജയായ ഉഷ വാൻസ് അഥവാ ഉഷ ചിലുകുരി. യുഎസ് സർക്കാരിൽ അറ്റോർണിയായ ഉഷ ചിലുകുരിയുടെ വേരുകൾ ആന്ധ്രപ്രദേശിലാണ്.
സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഒഹായോയിൽനിന്നുള്ള സെനറ്ററായിരുന്നു വാൻസ്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലോറിഡോയിൽ നടത്തിയ പ്രസംഗത്തിൽ വാൻസിന്റെയും ഉഷയുടെയും പങ്കിനെ ട്രംപ് പ്രശംസ കൊണ്ടുമൂടിയിരുന്നു.
ആന്ധ്രപ്രദേശിൽ വേരുകളുള്ള ഉഷയുടെ ജനനം കലിഫോർണിയയിലാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായി സാൻ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാർമൽ ഹൈസ്കൂളിലായിരുന്നു പഠനം. 2013ൽ യേൽ ലോ സ്കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാൻസിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണു ചടങ്ങിനു നേതൃത്വം നൽകിയത്. വാൻസ്–ഉഷ ദമ്പതികൾക്കു 3 മക്കളാണ്; ഇവാൻ, വിവേക്, മിറാബെൽ.
യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ കരസ്ഥമാക്കി. യേൽ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആൻഡ് ഇൻഫർമേഷൻ ആക്സസ് ക്ലിനിക്, ഇറാഖി അഭയാർഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.
യേലിലെ 4 വർഷത്തെ പാഠ്യേതര പ്രവർത്തനത്തിനു ശേഷം, കേംബ്രിജിൽ ഗേറ്റ്സ് ഫെല്ലോ ആയി പഠനം തുടർന്നു. ഇക്കാലത്ത് ഇടത്–ലിബറൽ ഗ്രൂപ്പുകളുമായിട്ടായിരുന്നു അടുപ്പം. 2014ൽ ഡെമോക്രാറ്റ് പാർട്ടിയിലായിരുന്നു ഉഷയുടെ പ്രവർത്തനം. ഭർത്താവിന്റെ രാഷ്ട്രീയ വളർച്ചയിൽ ഉഷയ്ക്കു പ്രധാന പങ്കുണ്ട്. അമേരിക്കയിലെ ഗ്രാമീണ വിഭാഗങ്ങളിലെ സാമൂഹ്യ തകർച്ചയെക്കുറിച്ചുള്ള ചിന്തകൾ ഏകോപിപ്പിക്കാനും ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പ് എഴുതാനും വാൻസിനെ സഹായിച്ചത് ഉഷയാണ്. നന്നായി വിൽക്കപ്പെടുന്ന ഹിൽബില്ലി എലിജിയെ ആധാരമാക്കി 2020ൽ റോൺ ഹോവാഡ് സിനിമയുമൊരുക്കി.
വാൻസിന്റെ രാഷ്ട്രീയ പരിപാടികളിൽ അനുഗമിക്കാനും മാർഗനിർദേശവും പിന്തുണയും നൽകാനും ഉഷ ശ്രദ്ധിക്കാറുണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കൻ ആയാണു വോട്ട് ചെയ്യുന്നത്. തന്നെ രൂപപ്പെടുത്തുന്നതിൽ ഉഷയുടെ പങ്ക് വലുതാണെന്നു പരസ്യമായി വാൻസ് പറഞ്ഞിട്ടുണ്ട്. പ്രതിഭാശാലിയായ നിയമവിദഗ്ധയാണ് ഉഷ. 2018ൽ യുഎസ് സുപ്രീംകോടതിയിൽ ലോ ക്ലർക്കായി സേവനമനുഷ്ഠിക്കുന്നതിന് മുൻപ്, 2015 മുതൽ 2017 വരെ സാൻഫ്രാൻസിസ്കോയിലെ മുൻഗർ, ടോൾസ് ആൻഡ് ഓൾസൺ എൽഎൽപി, വാഷിങ്ടൻ ഡിസി എന്നിവിടങ്ങളിൽ ജോലി ചെയ്തു. സങ്കീർണമായ സിവിൽ വ്യവഹാരങ്ങളിലും വിദ്യാഭ്യാസം, സർക്കാർ, ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലും പ്രാവീണ്യമുണ്ട്.
നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ശക്തനായ പിന്തുണക്കാരനാണ്. ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു. വിവിധ വിഷയങ്ങളിലെ നിലപാടുകളിൽ ട്രംപിന്റെ തനിപകർപ്പാണു വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു.