ഫറോക്ക് നഗരസഭ ഓഫിസിൽ ഗുരുതര ക്രമക്കേടുകൾ; മിന്നൽ പരിശോധനയുമായി വിവരാവകാശ കമ്മിഷൻ
Mail This Article
കോഴിക്കോട്∙ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍ ഫറോക്ക് നഗരസഭ ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകൾ കണ്ടെത്തി. പല നടപടികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നും കണ്ടെത്തി. വിവരാവകാശ കമ്മിഷണര്‍മാരായ ടി.കെ.രാമകൃഷ്ണന്‍, അബ്ദുള്‍ ഹക്കിം എന്നിവരാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം പരിശോധന നടത്തിയത്.
ഫയലുകളുടെ കാറ്റലോഗും ഇൻഡക്സും ഇല്ല, അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരായ മൂന്നു പേരെ നിയമിച്ചിട്ടില്ല, ആര്‍ടിഐ നിയമം വകുപ്പ് 4 പ്രകാരം സ്വയം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങള്‍ 20 കൊല്ലമായിട്ടും നഗരസഭാ സൈറ്റില്‍ ചേര്‍ത്തിട്ടില്ല, പൗരാവകാശ രേഖ 2020-ന് ശേഷം പരിഷ്‌കരിക്കുകയോ സൈറ്റില്‍ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല, ഉത്തരവുകള്‍, അറിയിപ്പുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നില്ല, പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാതെ ലഭ്യമാക്കേണ്ടുന്ന വിവരങ്ങള്‍ നല്‍കുന്നില്ല, അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും കൃത്യമായ മറുപടി നല്‍കുന്നില്ല തുടങ്ങി ഗുരുതര വീഴ്ചകളാണ് നഗരസഭയുടെ ഭാഗത്ത് കണ്ടെത്തിയിട്ടുള്ളത്. വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ കമ്മിഷണര്‍മാര്‍ അറിയിച്ചു.