25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായി യാത്രയും; ബാബ സിദ്ദിഖിയുടെ കൊലപാതകികൾക്ക് ലഭിച്ചത് വാഗ്ദാന പെരുമഴ
Mail This Article
മുംബൈ∙ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകികൾക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി വിവരം. അറസ്റ്റിലായ 18 പേരിൽ നാലു പ്രതികൾക്കളാണ് വാഗ്ദാനം ലഭിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്ന് വിവരം ലഭിച്ചത്.
ഒക്ടോബറിൽ അറസ്റ്റിലായ രാം ഫൂൽചന്ദ് കനോജിയ (43), രൂപേഷ് മൊഹോൾ (22), ശിവം കൊഹാദ് (20), കരൺ സാൽവെ (19), ഗൗരവ് അപുനെ (23) എന്നിവർക്കാണ് 25 ലക്ഷം രൂപയും ഫ്ലാറ്റും കാറും ദുബായ് യാത്രയും വാഗ്ദാനം ചെയ്തത്. ഈ നാലു പ്രതികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതിയായ സീഷാൻ അക്തറാണ് വാഗ്ദാനങ്ങൾ ഇവർക്ക് നൽകിയത്. ഇയാൾ പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് ബാങ്ക് അക്കൗണ്ടുകളോളം ഇയാൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒക്‌ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസിൽ നിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.