‘പിൻവലിക്കാൻ പാടില്ലായിരുന്നു, വേദനയോടെ പിൻവാങ്ങിയതാണ്; കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരും’
Mail This Article
ബത്തേരി∙ കാർഷിക നിയമങ്ങൾ തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാട് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക നിയമം ഒരിക്കലും പിൻവലിക്കാൻ പാടില്ലായിരുന്നു. വേദനയോടെ പിൻവാങ്ങിയതാണ്. പക്ഷേ അതു തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
നാലക്ഷര ബോർഡ് ഭീകരനെ പാർലമെന്റിൽ തളയ്ക്കുമെന്ന് വഖഫ് ബോർഡിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു പ്രക്രിയയ്ക്കും നരേന്ദ്ര മോദി സർക്കാർ കൂട്ടുനിൽക്കില്ല. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് എതിർനീക്കം നടത്താൻ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.
കോടതിക്ക് പുറത്തുവച്ച് തീർക്കാമെന്നാണ് അവർ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവർ ഉദ്ദേശിച്ചത്. ആ ബോർഡിന്റെ കോടതിയോ ? അതിന് പുല്ലുവില നൽകില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീർക്കേണ്ട. ഞങ്ങൾ അത് ഇന്ത്യൻ പാർലമെന്റിൽ വച്ച് തീർത്തോളാം. ബിൽ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാർലമെന്റ് കൗൺസിലിന് വിട്ടത്. അടുത്ത സമ്മേളനത്തിൽ ഇതിന് തീർപ്പ് വരും. കിരാത വാഴ്ച മുളച്ചുവരാൻ പോലും അനുവദിക്കില്ല.
പൗരത്വ നിയമം വന്നപ്പോൾ എെന്തല്ലാം ഭീതിയാണ് പരത്തിയത്. പാലാരിവട്ടത്തെ മുസ്‌ലിം കച്ചവടക്കാരോട് പോയി പറഞ്ഞത് നിങ്ങളെയെല്ലാം പാക്കിസ്ഥാനിലേക്ക് പറഞ്ഞയയ്ക്കാൻ പോകുകയാണെന്നാണ്. അങ്ങനെ തിരോധാന ചെയ്യപ്പെട്ട ഒരു മുസ്‌ലിമെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവരെ തിരിച്ചുകൊണ്ടുവരാം. വയനാടിന്റെ ആസ്പിരേഷൻ ഡിസ്ട്രിക് പദ്ധതി തകർത്തത് സംസ്ഥാന സർക്കാരാണ്. രാത്രിയാത്രാ നിരോധനം നീക്കാൻ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ ഒന്നും ചെയ്തില്ല. വയനാട്ടുകാരെ രാഹുൽ ഗാന്ധി വഞ്ചിച്ചു. അതുവഴി വന്ന അന്യായമായ തിരഞ്ഞെടുപ്പാണിത്.
എന്നാലും വയനാട്ടുകാർക്ക് ഇത് ഒരു അവസരമാണ്. ഞങ്ങൾക്ക് ഒരു എംപിയെ കൂട്ടിത്തന്നതുകൊണ്ട് കാര്യമില്ല. പക്ഷേ നിങ്ങളുടെ പിന്തുണ ആ ഒന്നിലൂടെ ലഭിക്കുമെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം. നവ്യ ഹരിദാസിനെ വിജയിപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ വെറും എണ്ണം കൂട്ടിത്തരുന്ന എംപിയായിരിക്കില്ല, മറിച്ച് ഒരു കേന്ദ്രമന്ത്രിയായിട്ടായിരിക്കും നിങ്ങൾക്കിടയിലുണ്ടായിരിക്കുക എന്നും അദ്ദേഹം പറഞ്ഞു.