ഡപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവം: 3 പേർ അറസ്റ്റിൽ; പോക്സോ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി
Mail This Article
മലപ്പുറം∙ തിരൂരിൽ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. ചാലിബിനെ ഭീഷണിപ്പെടുത്തി ഇവർ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. വ്യാജ പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്.
പ്രതികള്‍ ഭീഷണി തുടർന്നതോടെയാണ് ചാലിബ് വീടുവിട്ടത്. അതേസമയം, കഴിഞ്ഞദിവസം അർധരാത്രിയോടെ ചാലിബ് വീട്ടിൽ മടങ്ങിയെത്തി. മാനസിക പ്രയാസങ്ങൾ മൂലമാണ് വീടുവിട്ടതെന്ന് ചാലിബ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് ഓഫിസിൽനിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എട്ടുമണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം റെയ്ഡിലാണെന്ന് ചാലിബ് മറുപടി പറയുകയും ചെയ്തു. പിന്നീട് വിവരമൊന്നും ഇല്ലാതെയായി. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് മനസിലായി. തുടർന്നാണ് കുടുംബം തിരൂർ പൊലീസിൽ പരാതി നൽകിയത്.