‘യുഡിഎഫിന്റെ സീപ്ലെയിൻ പദ്ധതി ജനാധിപത്യവിരുദ്ധം; എൽഡിഎഫ് സർക്കാരിന്റേത് ജനകീയ സീപ്ലെയിൻ’
Mail This Article
പാലക്കാട്∙ സീപ്ലെയിൻ പദ്ധതി സംബന്ധിച്ച് വിയോജിപ്പുണ്ടെങ്കിൽ അടിച്ചേൽപ്പിക്കില്ലെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫിന്റെ സീപ്ലെയിൻ പദ്ധതി ജനാധിപത്യവിരുദ്ധ, തൊഴിലാളി വിരുദ്ധ പദ്ധതിയായിരുന്നു. എൽഡിഎഫ് സർക്കാരിന്റേത് ജനകീയ സീപ്ലെയിനാണ്. മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സീപ്ലെയിൻ പദ്ധതി യുഡിഎഫ് സർക്കാരിന്റേതല്ലെന്നു മന്ത്രി പറഞ്ഞു. ‘‘യുഡിഎഫ് സർക്കാർ ചർച്ചയില്ലാതെ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങിയപ്പോൾ തൊഴിലാളികൾ എതിർത്തു. ഇപ്പോഴത്തേത് ജനകീയ പദ്ധതിയാണ്. സീപ്ലെയിന് അനന്തസാധ്യതയുണ്ട്. അത്തരം സാധ്യതയെ ഉപയോഗപ്പെടുത്തണം. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തു മാത്രമേ മുന്നോട്ടുപോകൂ. ഇപ്പോഴത്തെ സീപ്ലെയിൻ പദ്ധതി അണക്കെട്ടുകളെയും വിമാനത്താവളങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. സീപ്ലെയിൻ പദ്ധതി കായലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എല്ലാവരുമായി ചർച്ച ചെയ്യും. അണക്കെട്ടിൽ സീപ്ലെയിൻ ഇറങ്ങുന്നതിന് ആർക്കെങ്കിലും എതിർപ്പുണ്ടാകുമെന്ന് തോന്നുന്നില്ല.’’ – മന്ത്രി പറഞ്ഞു.
സീപ്ലെയിൻ ആദ്യഘട്ടം വിജയിച്ചു. ഇനി രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടമുണ്ട്. ടൂറിസം മേഖലയിലുള്ളവർ സഹകരിക്കാൻ സന്നദ്ധരാണ്. അവരുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യും. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പല പദ്ധതികളും നടപ്പിലാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.