ADVERTISEMENT

തിരുവനന്തപുരം∙ 2007ല്‍ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായി മാറിയ തലശേരി സ്വദേശി എന്‍. പ്രശാന്തിന്റെ ഐഎഎസ് കരിയര്‍ 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ ജീവിതത്തിലെ ആദ്യ സസ്‌പെന്‍ഷനുമായി വാര്‍ത്തകളില്‍ നിറയുകയാണ്. പ്രശാന്തിന്റെ ഔദ്യോഗിക ജീവിതം ഉടനീളം ഇത്തരത്തില്‍ വിവാദങ്ങളും വാര്‍ത്തകളും നിറഞ്ഞതാണ്. ഒരുകാലത്ത് തന്റെ ഗുരുവും മെന്ററും എന്നൊക്കെ പ്രശാന്ത് തന്നെ വിശേഷിപ്പിച്ചിരുന്ന ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരിലാണ് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രശാന്ത് ഗുരുതരമായ അച്ചടക്കലംഘനം കാട്ടിയെന്നും ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നുമാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീയതയും വിരോധവും സൃഷ്ടിക്കാന്‍ പ്രശാന്തിന്റെ നടപടി ഇടയാക്കിയെന്നും ഉത്തരവ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ യാതൊരു കുറ്റബോധവുമില്ലാതെ ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുക തന്നെ ചെയ്യുമെന്നും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന തനിക്കു നല്‍കുന്നുണ്ടെന്നുമാണ് പ്രശാന്തിന്റെ പ്രതികരണം.

2015 മുതല്‍ കോഴിക്കോട്ട് കലക്ടറായിരുന്നപ്പോള്‍ കൈവരിച്ച മികച്ച നേട്ടങ്ങളിലൂടെ കലക്ടര്‍ ബ്രോ ആയി മാറിയ പ്രശാന്ത് വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. കോഴിക്കോട് കലക്ടറായിരിക്കെ, എം.കെ.രാഘവന്‍ എംപിയുമായി ആയിരുന്നു നേര്‍ക്ക് നേര്‍ പോരാട്ടം. മാപ്പ് പറയണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവച്ച് കുന്നംകുളം മാപ്പെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഒടുവില്‍ കഴിഞ്ഞദിവസം ഡോ. ജയതിലകിനെതിരെയുള്ള പോരാട്ടത്തില്‍ കളപറിക്കല്‍ യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു വെല്ലുവിളി. സ്വര്‍ണമെഡലോടെ നിയമബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് പ്രശാന്ത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍  മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ ഒപ്പിട്ട ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലെ അന്വേഷണത്തില്‍ തട്ടി ഒരു സ്ഥാനക്കയറ്റം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം മുഖ്യമന്ത്രി ഇടപെട്ടു റദ്ദാക്കിയിരുന്നു. മൂന്നു വര്‍ഷം ജൂനിയറായവര്‍ സെക്രട്ടറിയായപ്പോഴും പ്രശാന്ത് ഇപ്പോഴും സ്‌പെഷല്‍ സെക്രട്ടറിയായി തുടരുകയാണ്. 

രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതു ചൂണ്ടിക്കാട്ടി പ്രശാന്തിന് കോണ്‍ഗ്രസുകാരനെന്ന വിശേഷണവും മറുപക്ഷം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് വീണ്ടും വില്ലന്‍ റോളില്‍ എന്നാണ് ഫിഷറീസ് മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2021ല്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ചു എന്ന പരാതിയില്‍ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം (ഐപിസി 509) ചുമത്തിയാണു പാലാരിവട്ടം പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ 2017ല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. 'ബാങ്ക് മാനേജര്‍ ബാങ്ക് കുത്തിത്തുറക്കുന്നതു കാണുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ എന്തു ചെയ്യും' എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അന്ന് പ്രശാന്തിന് വിനയായത്. പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചുള്ളതാണെന്ന വിലയിരുത്തല്‍ വിവാദമായതോടെ പദവി തെറിച്ചു. 

പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെ കൃഷിവകുപ്പിലേക്കു മാറ്റിയതും വിവാദമായി. പട്ടികവിഭാഗക്കാര്‍ക്കായി ഇടുക്കിയില്‍ ഭൂമി പതിച്ചു നല്‍കുന്ന പദ്ധതിയിലെ ക്രമക്കേടു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു മാറ്റിയതെന്നാണ് ആരോപണം. എന്നാല്‍, നിര്‍ണായക ഫയലുകളില്‍ പോലും തീരുമാനമെടുക്കാതെ എതിര്‍പ്പ് എഴുതുന്നതാണ് മാറ്റത്തിനു കാരണമെന്നാണ് മറുപക്ഷം ആരോപിച്ചത്. 

ഡോ. എ.ജയതിലക് 2007 ഏപ്രിലില്‍ രണ്ടാംവട്ടം കലക്ടറായി കോഴിക്കോട്ടെത്തിയപ്പോള്‍ തുടങ്ങിയതാണ് എന്‍.പ്രശാന്തുമായുള്ള ബന്ധം. ട്രെയിനിങ്ങിനായി 2007 ബാച്ചുകാരനായ എന്‍. പ്രശാന്ത് കോഴിക്കോട്ടെത്തുന്നത് ജയതിലകിന്റെ കാലയളവിലാണ്. വളരെ മിടുക്കനായ ഐഎഎസ് ട്രെയിനി എന്നായിരുന്നു ജയതിലകിന്റെ വിലയിരുത്തല്‍. ജയതിലക് ഔദ്യോഗിക ജീവിതത്തില്‍ വഹിച്ച കോഴിക്കോട് കലക്ടര്‍, കെടിഡിസി എംഡി തുടങ്ങിയ പദവികളില്‍ പിന്നീട് പ്രശാന്തും എത്തിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം പട്ടികജാതി വികസന വകുപ്പില്‍ ഇരുവരും എത്തിയപ്പോഴാണ് സൗഹൃദം കടുത്ത പോരിലേക്കു വഴിമാറിയത്. വകുപ്പില്‍ ജയതിലക് അഡീഷനല്‍ ചീഫ് സെക്രട്ടറിയും എന്‍.പ്രശാന്ത് സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്നു. ആദ്യതവണ കോഴിക്കോട്ടെ ഔദ്യോഗിക ജീവിതത്തിനു ശേഷം ശേഷം തലസ്ഥാനത്തേക്കു മടങ്ങിയ പ്രശാന്ത് ജികെഎസ്എഫ് ഡയറക്ടര്‍, കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍, കെടിഡിസി എംഡി, അഡീഷനല്‍ എക്സൈസ് കമ്മിഷണര്‍, ബവ്റിജസ് കോര്‍പറേഷന്‍ എംഡി എന്നീ സ്ഥാനങ്ങള്‍ക്കു ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി പദം വിട്ടാണ് വീണ്ടും കോഴിക്കോട്ടേക്കു മടങ്ങിയത്. 

English Summary:

From 'Collector Bro' to Suspended Officer: The Controversial Journey of IAS Officer N. Prasanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com