മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിടെക്; യുഎസിലെ ജോലി വിട്ട് ഐഎഎസ് നേടി: ആരാണ് കെ. ഗോപാലകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍, വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ കുരുക്കു മുറുകുന്നു. സസ്‌പെന്‍ഷനിലായ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം ആണ് ഡിജിപിക്കു പരാതി നല്‍കിയത്.
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതപരമായ ചേരികള്‍ സൃഷ്ടിക്കാന്‍ ഗോപാലകൃഷ്ണന്റെ നടപടി ഇടയാക്കിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കൂടി സര്‍ക്കാര്‍ ശരിവച്ചാല്‍ അദ്ദേഹം കൂടുതല്‍ നിയമക്കുരുക്കിലാകും. പൊലീസിനു വ്യാജപരാതി നല്‍കുന്നത് ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗോപാലകൃഷ്ണന്‍ ഹാജരാക്കിയ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതു തെളിവുനശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്. ഗോപാലകൃഷ്ണന്റെ ഫോണില്‍ ആരും നുഴഞ്ഞുകയറിയെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗൂഗിളും മറുപടി നല്‍കിയത്. ഫോണ്‍ ഹാക്ക് ചെയ്ത് വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഇതിനുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. അത് ഏതെങ്കിലും ലിങ്കില്‍ ക്ലിക് ചെയ്താല്‍ സംഭവിക്കാം. പക്ഷേ അത്തരത്തില്‍ ഒരു ആപ്പും ഈ ഫോണില്‍ കണ്ടെത്താനായില്ല. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (ഐപിഡിആര്‍) പരിശോധനയിലും ഫോണില്‍ ബാഹ്യമായി ആരും ഒന്നും കണക്ട് ചെയ്തിട്ടില്ലെന്നാണ് തെളിഞ്ഞത്.
2019ല്‍ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്ന കെ.ഗോപാലകൃഷ്ണന്‍ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ്. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരിക്കെ ജോലി രാജിവച്ചു തിരിച്ചെത്തിയാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത്. പൊതുഭരണ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണു തിരുവനന്തപുരം കലക്ടറായി നിയമിതനായത്. മലപ്പുറം കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, ജലനിധി സിഇഒ, ലാന്‍ഡ് റവന്യൂ റെക്കോർഡ്സ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നാമക്കലിലെ കര്‍ഷകരായ കാളിയണ്ണനും ശെല്‍വമണിയുമാണു മാതാപിതാക്കള്‍. ഭാര്യ ദീപ വീട്ടമ്മയാണ്. ആതിര, വിശാഖന്‍ എന്നിവരാണു മക്കള്‍.
കോവിഡ് കാലയളവില്‍ 2020ല്‍ ഗോപലകൃഷ്ണന്‍ മലപ്പുറത്ത് കലക്ടറായി എത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 2013ല്‍ അസിസ്റ്റന്റ് കലക്ടറായി ഗോപാലകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത് മലപ്പുറത്താണ്. പിന്നീട് കര്‍മമണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റിയ ഗോപാലകൃഷ്ണന്‍ ഉന്നതിയുടെ സിഇഒ ആയി നിയമിതനായി. ആ സമയത്താണ് എന്‍.പ്രശാന്തുമായി ബന്ധപ്പെട്ട ഫയല്‍ വിവാദം ഉടലെടുത്തത്. വ്യവസായ ഡയറക്ടര്‍ ആയിരിക്കെ കഴിഞ്ഞ ദീപാവലിയുമായി ബന്ധപ്പെട്ടാണു മതാടിസ്ഥാനത്തിലുള്ള വാട്‌സാപ് ഗ്രൂപ്പ് ഉണ്ടായതു സംബന്ധിച്ചുള്ള പരാതി ഉയരുന്നതും ഒടുവില്‍ സസ്‌പെന്‍ഷനില്‍ എത്തിയിരിക്കുന്നതും.