ശബരിമലക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് ബുള്ളറ്റിൻ പുറത്തിറക്കി
Mail This Article
പത്തനംതിട്ട ∙ ശബരിമല മേഖലയിൽ നാളെ മുതലുള്ള കാലാവസ്ഥാ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ബുള്ളറ്റിൻ പുറത്തിറക്കി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ മുന്നറിയിപ്പു ബുള്ളറ്റിൻ പുറത്തിറക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ 3 സ്ഥലങ്ങളിലെയും കാലാവസ്ഥാ മുന്നറിയിപ്പ് വെബ്സൈറ്റിലുണ്ട്. ഇന്നും നാളെയും 3 സ്ഥലങ്ങളിലും കനത്ത മഴ പെയ്യുമെന്നാണു പ്രവചനം. താൽക്കാലിക സംവിധാനങ്ങൾ സ്ഥാപിച്ചതിനു ശേഷം 3 മണിക്കൂർ ഇടവേളയിൽ മുന്നറിയിപ്പുകൾ അപ്ഡേറ്റ് ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി)തിരുവന്തപുരം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയുടെ അളവറിയാനും താപനിലയും അന്തരീക്ഷ ആർദ്രതയും രേഖപ്പെടുത്താനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് താൽക്കാലിക സംവിധാനങ്ങളൊരുക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞനും മറ്റൊരു ഉദ്യോഗസ്ഥനും ശബരിമലയിൽ ക്യാംപ് ചെയ്ത് ഇന്നു തന്നെ ജോലികൾ പൂർത്തീകരിക്കാനാണു ശ്രമം. ഇതിന്റെ നിരീക്ഷണത്തിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തുമെന്ന് ശബരിമല സ്പെഷൽ എഡിഎം അരുൺ എസ്.നായർ പറഞ്ഞു. മെഷീൻ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഇന്നലെ കണ്ടെത്തി. മെഷീൻ സ്ഥാപിച്ച ശേഷമേ ഇവർ തിരുവനന്തപുരത്തേക്കു മടങ്ങൂ. നിലവിൽ കാലാവസ്ഥാ വകുപ്പിന് ളാഹയിലും സീതത്തോടും മാത്രമാണു നിരീക്ഷണ സംവിധാനമുള്ളത്.
തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങൾ ശേഖരിക്കാൻ ഇപ്പോളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകൾ(എഡബ്ല്യുഎസ്) സ്ഥാപിച്ചിരുന്നു.
പത്തനംതിട്ടയിൽ ശക്തമായ തുലാമഴയാണ് കഴിഞ്ഞ ഏതാനും ദിവസമായി ലഭിച്ചത്. പെരുനാട് പഞ്ചായത്തിലാണു ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ ളാഹയിലാണ് എഡബ്ല്യുഎസ്. ളാഹയിൽ നിന്നു ശബരിമലയിലേക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. സീതത്തോടാണ് അടുത്തുള്ള മറ്റൊരു സ്റ്റേഷൻ. ഇതു പലപ്പോളും പ്രവർത്തിക്കുന്നില്ല.
തുലാവർഷത്തിലെ മഴ കൂടുതലും പ്രാദേശികമായി പെയ്യുന്നതാണ്. കുറഞ്ഞ സമയത്തു ശക്തമായി പെയ്യുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ശനിയാഴ്ച ളാഹയിൽ ഒന്നര മണിക്കൂറിനിടെ 100 മില്ലിമീറ്ററിലേറെ മഴ പെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തിൽ അസാധാരണ സാഹചര്യങ്ങൾ വരുമ്പോൾ കൃത്യമായ മുന്നറിയിപ്പ് കൊടുക്കാനോ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനോ കഴിയാതെ വരും.
അടിയന്തര സാഹചര്യങ്ങളിൽ എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന കാര്യത്തിലുൾപ്പെടെ ഇത്തരം വിവരങ്ങൾ അനിവാര്യമാണ്. പമ്പാ നദിയുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പിന് മാനുവലായി വിവര ശേഖരണത്തിനുള്ള സംവിധാനമുണ്ട്.