എരുമേലി എന്നും ഒരു അപൂർവ കാഴ്ചയാണ്; അയ്യപ്പ രൂപത്തിന് കണ്ണ് വരച്ചു കൊണ്ട് സന്തോഷ് പറയുന്നു
Mail This Article
എരുമേലി ∙ "ഈ നീലാകാശത്തിന് കീഴെ എരുമേലിക്ക് അഭിമാനിക്കാവുന്ന ഏറ്റവും വലിയ നേട്ടം മതമൈത്രിയുടെയും മാനവസാഹോദര്യത്തിന്റെയും ഈ കാഴ്ചയാണ്"”- ചെറിയമ്പലത്തിന്റെ (പേട്ട ശാസ്താക്ഷേത്രം) കവാടത്തിനു മുകളിലെ അയ്യപ്പ ശിൽപത്തിന് പെയിന്റടിച്ചു കൊണ്ട് സന്തോഷ് ചുണ്ടില്ലാമറ്റം പറഞ്ഞു. റോഡിന് എതിർവശത്ത് തലയെടുപ്പോടെ നൈനാർ മസ്ജിദിന്റെ മിനാരം കാണാം. അയ്യപ്പ രൂപത്തിന് കണ്ണ് വരച്ചു കൊണ്ട് സന്തോഷ് തുടർന്നു, "രണ്ടു മതങ്ങളുടെ ഈ സാഹോദര്യ കാഴ്ച എല്ലാവരും കണ്ണു തുറന്നു കാണണം".
എഴുത്തുകാരൻ കൂടിയാണ് സന്തോഷ്(52). മൂന്നാമത്തെ പുസ്തകം കാവ്യസമാഹാരം "എങ്ങോട്ടെങ്കിലും" 21ന് എരുമേലി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. ഗുരുനിത്യചൈതന്യയതിയുടെ സഹചാരി ഷൌക്കത്താണ് പ്രകാശനം ചെയ്യുന്നത്. ഈ വരയും എഴുത്തുമാണ് സന്തോഷിനെ എരുമേലിയിലെ വീട്ടിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് ഗുരു നിത്യ ചൈതന്യയതിയുടെ ഫേൺ ഹില്ലിൽ എത്തിച്ചതും. പത്താംക്ലാസ് വരെ പഠിച്ചിട്ടുള്ള സന്തോഷ് അമച്വർ നാടകങ്ങളിലും മറ്റും സജീവമായിരുന്നു. "മാനിഷാദ” എന്ന മിനി മാസികയും സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു.
നിത്യചൈതന്യയതിയുടെ പുസ്തകം വായിച്ചിട്ട് 15 പൈസായുടെ തപാൽ കാർഡിൽ അദ്ദേഹത്തിനൊരു കത്തയച്ചു. "നിന്റെ കയ്യക്ഷരം എനിക്ക് ആവശ്യമുണ്ട്. അടുത്ത കെകെ എക്സ്പ്രസിൽ കയറി ഫേൺഹില്ലിലേക്ക് വരൂ" എന്ന നിത്യ ചൈതന്യയതിയുടെ മറുപടിക്കത്ത് ലഭിച്ചയുടൻ അവിടേക്ക് പോയി. അദ്ദേഹത്തിന്റെ കേട്ടെഴുത്തുകാരനായി വർഷങ്ങൾ കഴിഞ്ഞു. "കാരുണ്യമായിരുന്നു ഗുരു. 27 വർഷം മുൻപ് എന്റെ സഹോദരിയുടെ വിവാഹ സമയത്ത് അന്ന്് കിട്ടുന്ന ദക്ഷിണയെല്ലാം നിനക്കുള്ളതാണെന്ന് ഗുരു പറഞ്ഞു. 20000 രൂപയാണ് അന്ന് ഗുരു തന്നത്. ഞാൻ അറിയാതെ എന്റെ അമ്മയ്ക്ക് അദ്ദേഹം മാസംതോറും പണം അയയ്ക്കുമായിരുന്നു. ഗുരു ഇന്നും മനസ്സിൽ ജീവിച്ചിരുപ്പുണ്ട്"- സന്തോഷ് പറഞ്ഞു. മാസികകളിൽ സന്തോഷിന്റെ നൂറിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സന്തോഷിന്റെ പിതാവ് രാജപ്പനും നാടക പ്രവർത്തകനായിരുന്നു. യാദൃശ്ചികം എന്ന കവിതാസമാഹാരവും നിത്യചൈതന്യം എന്ന ഗുരു നിത്യചൈതന്യയതിയെക്കുറിച്ചുള്ള പുസ്തകവുമാണ് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. ജയരാജൻ എന്ന കോൺട്രാക്ടറുടെ കീഴിലാണ് കൊച്ചമ്പലത്തിന്റെയും വല്യമ്പലത്തിന്റെയും പെയിന്റിങ് ജോലികൾ ചെയ്യുന്നത്. "കവിത കൊണ്ട് വിശപ്പ് മാറില്ലല്ലൊ”സന്തോഷ് പറഞ്ഞു.
സന്തോഷിന്റെ പുതിയ പുസ്തകത്തിന്റെ അവതാരികയിൽ എഴുത്തുകാരൻ സക്കറിയ എഴുതുന്നു-"ദൈവനാമത്തിൽ കൊടുംഭീകരതകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ സന്തോഷിന്റെ വരികൾ നന്മയുടെ പ്രകാശം പരത്തുന്നു”. എരുമേലിയുടെ ഈ മണ്ണിന്റെ സഹോദര്യ നിറമാണ് ഏറ്റവും വർണാഭ കാഴ്ചയെന്ന് പറഞ്ഞ് അഭിമാനം കൊള്ളുകയാണ് സന്തോഷ്. "ഈ നിറം കെട്ടുപോകരുതെന്നാണ് പ്രാർഥനയും"- സന്തോഷ് പറഞ്ഞു. ഭാര്യ:നിഷ. മക്കൾ നിരഞ്ജൻ, നിലാചന്ദന.