ലബനനിൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ച് ഇസ്രയേൽ
Mail This Article
ടെൽ അവീവ്∙ തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന അറിയിപ്പിൽ പറയുന്നു.
ഹിസ്ബുല്ലയുടെ ആന്റി ടാങ്ക് മിസൈൽ യൂണിറ്റിന് നേതൃത്വം നൽകുന്നത് അയ്മാൻ മുഹമ്മദ് നബുൽസിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയർന്ന റാങ്കിലുള്ള ഹിസ്ബുല്ല ആന്റി ടാങ്ക് കമാൻഡറാണ് അയ്മാൻ മുഹമ്മദ് നബുൽസി. ഹിസ്ബുല്ലയുടെ മറ്റൊരു ഫീൽഡ് കമാൻഡറാണ് കൊല്ലപ്പെട്ട ഹജ്ജ് അലി യൂസഫ് സലാഹ്.
മുഹമ്മദ് മൂസ സലാഹ് തെക്കൻ ലബനനിലെ ഖിയാം മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഹിസ്ബുല്ല കമാൻഡറാണ്. ഇസ്രയേലിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകൾ വിക്ഷേപിക്കുകയും തെക്കൻ ലബനനിലെ ഇസ്രയേൽ പ്രതിരോധ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹമ്മദ് മൂസ സലാഹ് എന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.