‘സർക്കാരിന് വീഴ്ച പറ്റി; മുനമ്പം ജനതയുടെ വികാരങ്ങൾ മാനിക്കാതെ സർക്കാർ തീരുമാനമെടുത്തത് ദുഃഖകരം’
Mail This Article
കൊച്ചി ∙ മുനമ്പം ജനതയുടെ വികാരങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കാതെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത് ദുഃഖകരമാണെന്നും സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും തലശ്ശേരി രൂപതാധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി. മുനമ്പം ഭൂപ്രശ്നത്തിൽ നടക്കുന്ന സത്യഗ്രഹത്തിന്റെ 32ാം ദിവസം സമരക്കാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മുഖ്യമന്ത്രിയുടെ മുൻകൈയിൽ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങളിൽ സന്തോഷവും പ്രത്യാശയമുണ്ടെന്നും മാർ പാംബ്ലാനി പറഞ്ഞു.
‘‘ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ മാത്രമല്ല, ഇത് 1950 കൾ മുതൽ തുടങ്ങിയ പ്രശ്നമാണ്. ഇപ്പോൾ ഭരിക്കുന്ന സർക്കാർ മുനമ്പം ജനതയുടെ വികാരങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കാതെ ഒരു തീരുമാനമെടുത്തു എന്നതാണ് ദുഃഖകരമായ കാര്യം. മുനമ്പം ജനതയുടെ നികുതി സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചതും അവർ സമരമുഖത്തേക്ക് ഇറങ്ങുന്നതു വരെ, അവരുടെ ആവശ്യങ്ങൾ ന്യായമാണ് എന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടായില്ല എന്നതുമാണ് ഈ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച. എന്നാൽ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുന്നതിൽ വളരെ സന്തോഷവും പ്രതീക്ഷയുമുണ്ട്. ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന അന്യായങ്ങൾക്ക് മുഖ്യമന്ത്രി പരിഹാരം കണ്ടെത്തും എന്നു തന്നെയാണ് ഞങ്ങളുടെ വിചാരം’’ –അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പും ഈ സമരവുമായി ബന്ധമൊന്നുമില്ലെങ്കിലും സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നീതിനിഷേധങ്ങളും വിഭാഗീയ ചിന്തകൾ ഉണർത്താനുള്ള പരിശ്രമങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മാർ പാംബ്ലാനി പറഞ്ഞു.
മുനമ്പം ഭൂമി വഖഫിന്റെ ഭൂമിയല്ല എന്നു പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടം ആർജിച്ചു കഴിഞ്ഞാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും തലശ്ശേരി രൂപതാധ്യക്ഷന്‍ പറഞ്ഞു.‘‘അത്തരം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചാൽ പ്രതിപക്ഷ നേതാവ് പറഞ്ഞതു പോലെ 10 മിനിറ്റ് വേണ്ട, ഒരു മിനിറ്റു കൊണ്ടു തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി വോട്ടുബാങ്ക് രാഷ്ട്രീയം മറന്നു നേതാക്കൾ സ്വീകരിക്കേണ്ടതുണ്ട്. ചിലരൊക്കെ ഇതിന് ന്യായീകരണമായി പറയുന്നത്, അവിടെ വരുന്ന പുരോഹിതർക്ക് ക്രിസ്തുവിന്റെ ഭാഷയല്ല എന്നൊക്കെയാണ്. തീർച്ചയായും ഞങ്ങള്‍ സംസാരിക്കുന്നത് ക്രിസ്തുവിന്റെ ഭാഷയാണ്. ക്രിസ്തു ഇന്ന് മനുഷ്യനായി ഈ മണ്ണിൽ ഉണ്ടായിരുന്നു എങ്കിൽ ഈ സമരപ്പന്തലിൽ വരുമായിരുന്നു എന്നും മുനമ്പം ജനതയ്ക്കൊപ്പം ഇരിക്കുമായിരുന്നെന്നും ക്രിസ്തുവിനെ ധ്യാനിക്കുന്ന ഞങ്ങൾക്ക് സംശയമില്ല എന്ന് ആ നേതാവിനെ ഓര്‍മിപ്പിക്കാൻ ആഗ്രഹിക്കുന്നു’’– അദ്ദേഹം പറഞ്ഞു.
വഖഫ് നിയമത്തിലെ 52(എ) ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല എന്ന ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു. ‘‘ഹൈക്കോടതി പറഞ്ഞത് പ്രത്യാശ നല്‍കുന്ന കാര്യമാണ്. സാമാന്യനീതിയുടെ ലംഘനം ഈ വഖഫ് അവകാശവാദങ്ങൾക്ക് പിന്നിലുണ്ട് എന്നതിന്റെയും ഇവിടുത്തെ ജനങ്ങൾ പറയുന്ന കാര്യങ്ങൾ നിയമപരമായി സാധുതയുള്ളതാണ് എന്നതിന്റെയും സാക്ഷ്യമാണ് കോടതിയുടെ പരാമർശം എന്നും കരുതുന്നു. കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് ലഭിക്കാൻ പോകുന്ന നീതിയുടെ വിജയത്തിന്റെ നാന്ദിയാണ് കോടതി വിധി എന്നു കരുതുന്നു. വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ കൊണ്ടു വരുമ്പോൾ മുസ്‍ലിം സമുദായത്തിന്റെ ആശങ്കകൾ പരിഹരിക്കപ്പെടണം എന്നതിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. പക്ഷേ നിലവിലുള്ള വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ സാമാന്യ നീതിക്ക് നിരക്കാത്തതും നീതിയുടെ പ്രത്യക്ഷലംഘനവുമാണ് എന്ന് പറയാതെ നിവൃത്തിയില്ല. അത് തിരുത്തപ്പെടേണ്ടത് തന്നെയാണ് എന്ന് ഞങ്ങൾ കരുതുന്നത്.
സംസ്ഥാന വഖഫ് മന്ത്രി നല്ല മനുഷ്യനാണ്. പക്ഷേ ഈ ജനങ്ങൾ ദുഃഖകരമായ അവസ്ഥയിൽ നടത്തുന്ന പ്രതികരണങ്ങളെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെയും വർഗീയമായ കണ്ണുകളോടെ കാണാൻ ശ്രമിച്ചോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ഉണർത്താൻ അദ്ദേഹത്തിന്റെ വാക്കുകൾ ഇടവരുത്തി. അതുവരെയും ഇതൊരു മതവിഷയമായല്ല, ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള നിലവിളിയുടെ വിഷയമായിട്ടാണ് എല്ലാവരും കരുതിയത്. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തിയെങ്കിലും പൊതുസമൂഹം ഇപ്പോഴും ഇത് ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള നിലവിളിയായിട്ടു തന്നെയാണ് മനസിലാക്കുന്നത്. അദ്ദേഹത്തിനുണ്ടായ ചില തെറ്റിദ്ധാരണകൾ കൊണ്ടോ അദ്ദേഹത്തെക്കൊണ്ട് ആരെങ്കിലും ഈ രീതിയിൽ പറയിപ്പിച്ചതോ ആണ് എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ഭരണഘടനാപരമായ ഉത്തരാവാദിത്തം വഹിക്കുന്ന മന്ത്രിയിൽ നിന്ന് അത്തരം പ്രസ്താവനകൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നില്ല.
ന്യായമായ രീതിയിലൂടെ ഭൂമി സമ്പാദിച്ച്, അവിടെ എല്ലാ വ്യവസ്ഥകളും പാലിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന ഒരു വ്യക്തിയേയും ഒരു കാരണത്തിന്റെ പുറത്തും കുടിയിറക്കാൻ പറ്റില്ല. സ്വകാര്യ ഭൂമിയിൽ ആർക്കും ഏകപക്ഷീയമായ രീതിയിൽ കയ്യേറ്റം നടത്താൻ അവകാശമില്ല എന്ന് വിരമിക്കുന്നതിനു മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ സുപ്രധാന വിധിയുണ്ട്. ഈ വിധി കൂടി മനസ്സിൽ വച്ചുകൊണ്ട് പറയാൻ സാധിക്കുന്നത്, ഇപ്പോഴത്തേത് തികച്ചും അന്യായമായ നിലപാടാണ്. അത് ചാവക്കാടോ വയനാട്ടിലോ തളിപ്പറമ്പിലോ ആയിക്കോട്ടെ, കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ജാതിയോ മതമോ വർഗ, വർണ വ്യത്യാസങ്ങളോ കൂടാതെ ഈ പൊതുസമൂഹം ഉണ്ടാകും. അവർക്കൊപ്പം കത്തോലിക്ക സഭയും ഉണ്ടാകും. ഈ പ്രശ്നത്തെ വ്യാപകമാക്കിക്കൊണ്ട് എല്ലാവരേയും ഭീതിയുടെ നിഴലിലാഴ്ത്താമെന്ന് ആരും തെറ്റിദ്ധരിക്കുകയും വേണ്’’–മാർ പാംബ്ലാനി പറഞ്ഞു.