തണുപ്പൻ മട്ടിൽ വയനാട്; മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്; പഴിചാരി മുന്നണികൾ
Mail This Article
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് തണുപ്പൻ മട്ടിൽ പ്രതികരിച്ച് വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിലേക്ക് നടത്തിയ പൊതുതിരഞ്ഞെടുപ്പിലുണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം രൂപീകരിച്ചതിനു ശേഷം ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 14,71,742 വോട്ടർമാരിൽ 950005 പേരാണ് വോട്ടു ചെയ്തത്. കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഏറനാടാണ്, 69.39 ശതമാനം. കുറവ് നിലമ്പൂർ- 61.62 ശതമാനം. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തി അന്തിമ ശതമാനം പുറത്തുവരുന്നതേയുള്ളു. ആറു മാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന തോന്നലുമാണ് വോട്ടുചെയ്യുന്നതിൽ നിന്ന് വോട്ടർമാരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതര സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിൽ ചുരുക്കം പേരെ ഇത്തവണ വോട്ടു ചെയ്യാൻ എത്തിയുള്ളു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം മുന്നോട്ടു നീങ്ങാത്തത്, കാർഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണം എന്നിവ പരിഹരിക്കാൻ ഒരു സർക്കാരും കാര്യമായ ഇടപെടൽ നടത്താത്തത് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരുന്നതല്ലാതെ നടപടിയൊന്നുമില്ല. മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം, ചുരം ബദൽപാത തുടങ്ങി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമില്ല. ‘ആർക്കുവോട്ടു ചെയ്തിട്ടും പ്രത്യേകിച്ച് കാര്യമില്ല’ എന്നാണ് പലരുടേയും പ്രതികരണം. അതേ സമയം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിന്റെ പേരിൽ വോട്ടുചെയ്യാനെത്തിയവരും നിരവധിയാണ്.
പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരം എന്ന പ്രത്യേകതയായിരുന്നു വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. രാഹുൽ ഗാന്ധി രാജിവച്ചതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. വളരെ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും ഏറ്റവും ഒടുവിൽ എൻഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസും ചുരം കയറി എത്തി. 5 ലക്ഷം ഭൂരിപക്ഷത്തിൽ പ്രിയങ്കയെ ജയിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. എന്നാൽ ആ ലക്ഷ്യത്തിലേക്ക് യുഡിഎഫിന് എത്താൻ സാധിച്ചേക്കില്ല എന്നതാണ് പോളിങ് സൂചിപ്പിക്കുന്നത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 80.27 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞതവണ പോളിങ് 73.48 ശതമാനമായി കുറഞ്ഞപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം 3.6 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയത് എൻഡിഎയാണ്. 2019ൽ 78,816 വോട്ടാണ് ലഭിച്ചതെങ്കിൽ 2024ൽ 141,045 ആയി വർധിപ്പിച്ചു. പതിനായിരത്തോളം വോട്ടുകളെ എൽഡിഎഫിന് വർധിപ്പിക്കാൻ സാധിച്ചുള്ളു.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയും കെ.സുരേന്ദ്രനുമാണ് മത്സരിച്ചത്. പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പ്രബലരായ സ്ഥാനാർഥികളല്ലാത്തതിനാൽ പ്രിയങ്കയ്ക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതിനാൽ 5 ലക്ഷം ഭൂരിപക്ഷം എന്ന പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ല. എൻഡിഎയും എൽഡിഎഫും കാര്യമായ പ്രചാരണം നടത്താത്തതിനാലാണ് പോളിങ് കുറഞ്ഞതെന്നും യുഡിഎഫിന് ലഭിക്കേണ്ട എല്ലാ വോട്ടുകളും ഉറപ്പാക്കിയന്നും ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ഉറപ്പാക്കിയെന്ന് സത്യൻ മൊകേരിയും പറഞ്ഞു. ആറ് മാസത്തിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനെ ആളുകൾ പ്രധാന്യം കുറച്ചുകാണുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നും പോളിങ് കുറഞ്ഞത് എൻഡിഎയെ ബാധിക്കില്ലെന്നും നവ്യ ഹരിദാസ് പറഞ്ഞു.