വിവാദങ്ങളിൽ മുങ്ങി പാർട്ടിയും സർക്കാരും; ഇ.പിയുടെ പുസ്തകം ഏറ്റവും ഒടുവിലത്തേത്
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പുദിനം വിവാദ പ്രസ്താവനയിലൂടെ ഇ.പി പാർട്ടിയെ വെട്ടിലാക്കിയത് ഒരു തുടക്കം മാത്രമായിരുന്നു. അതിനു ശേഷം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ പാർട്ടിക്കോ സർക്കാരിനോ സാധിച്ചിട്ടില്ല. പ്രകാശ് ജാവഡേക്കറെ കണ്ട കാര്യം ആ തിരഞ്ഞെടുപ്പ് ദിനം ഇ.പി. സമ്മതിച്ചതാണ് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയത്. ഇ.പിയുടെ പ്രസ്താവന വന്നു മിനിറ്റുകൾക്കകം അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞു.
ലോക്സഭാ ഫലം വന്നതോടെ പാർട്ടിയും സർക്കാരും വിമർശനങ്ങളുടെ നടുവിലായി. മുഖ്യമന്ത്രിയുടെ ശൈലി അടക്കം കീഴ്ഘടകങ്ങളിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു. സിപിഐ നേതൃയോഗങ്ങളും സർക്കാരിന്റെയും സിപിഎമ്മിന്റെയും വിചാരണാവേദികളായി മാറി. ഭരണവിരുദ്ധ വികാരമില്ലെന്ന സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല. കേരളത്തിലെ പാർട്ടിയിൽ അടിമുടി ധാർഷ്ട്യമാണെന്ന വിലയിരുത്തൽ പരസ്യപ്പെടുത്തിയപ്പോഴും വിഷമവൃത്തത്തിലായത് കേരള നേതൃത്വം തന്നെ. തെറ്റുതിരുത്തൽ പ്രഖ്യാപിച്ച സർക്കാർ തുടർച്ചയായി പ്രതിസന്ധികളിലാകുന്നതാണു പിന്നീടു കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ വേട്ടക്കാർക്കൊപ്പമോ എന്ന ചോദ്യം ഉയർത്തി. 4 വർഷത്തോളം റിപ്പോർട്ടിന്മേൽ ഒന്നും ചെയ്യാതിരുന്നത് ചോദ്യം ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് ഉന്നതരെ തുടർച്ചയായി കണ്ടത് എൽഡിഎഫിലടക്കം പ്രതിഷേധത്തിന്റെ അലകൾ സൃഷ്ടിച്ചു. അജിത്തിനെ കൈവിടാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് മുന്നണിക്കകത്ത് വിമർശന വിധേയമായി. ഇടതു സ്വതന്ത്രനായ പി.വി.അൻവർ, അജിത്തിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ കൂരമ്പുകൾ പായിച്ചു രംഗത്തുവന്നു. പിആർ കമ്പനിയുടെ സഹായത്തോടെ മുഖ്യമന്ത്രി നൽകിയെന്നു പറയുന്ന അഭിമുഖത്തെച്ചൊല്ലിയായി അടുത്ത വിവാദം. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാക്കളുടെ താമസസ്ഥലത്ത് നടത്തിയ പാതിരാ റെയ്ഡും തിരിച്ചടിച്ചു. ഇതിനിടെ സർവീസ് ചട്ടങ്ങൾ ലംഘിച്ച 2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യേണ്ടിവന്നു. തൊട്ടുപിന്നാലെയാണ് പാർട്ടിയിലെ ഉന്നതനേതാവിന്റെ ആത്മകഥയിലൂടെയുള്ള അച്ചടക്കലംഘനം.