‘തീപിടിച്ച്’ ഡോളർ; സ്വർണത്തിന് ഇന്നും വമ്പൻ വീഴ്ച, ഈമാസം ഇടിഞ്ഞത് 4,160 രൂപ, വില ഇനിയും ഇടിയുമോ?
Mail This Article
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.
ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. ഇക്കഴിഞ്ഞ ഒക്ടോബർ 31നു കുറിച്ച പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് 90 രൂപ ഇടിഞ്ഞ് 5,720 രൂപയായി. ഇന്നലെ കൂടിയ വെള്ളിവില ഇന്നു താഴേക്കിറങ്ങി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 97 രൂപയായി.
സ്വർണ വിലത്തകർച്ചയുടെ കാരണങ്ങൾ
സ്വർണവില രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ അടുത്തിടെയായി തകർന്നടിയാൻ മുഖ്യകാരണം യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചശേഷം ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചുകയറ്റം തുടങ്ങിയത് പൊന്നിനു വൻ തിരിച്ചടിയായി.
ക്രിപ്റ്റോ അനുകൂലിയായ ട്രംപും ക്രിപ്റ്റോകറൻസികളുടെ താരപ്രചാരക പരിവേഷമുള്ള ഇലോൺ മസ്കും ഇനി യുഎസിന്റെ ഭരണചക്രം നിയന്ത്രിക്കുമെന്നിരിക്കെ, ബിറ്റ്കോയിനും മസ്കിന്റെ പ്രിയപ്പെട്ട ഡോജ്കോയിനും അടക്കമുള്ള ക്രിപ്റ്റോകറൻസികളും മുന്നേറ്റത്തിന്റെ ട്രാക്കിലാണ്. ബിറ്റ്കോയിൻ വില ചരിത്രത്തിലാദ്യമായി ഒരുലക്ഷം ഡോളറിലേക്ക് അടുക്കുന്നു. യുഎസ് ഓഹരി വിപണികളും ഏറെ ദിവസങ്ങളായി നേട്ടത്തിലാണ്.
യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനത്തിലേക്കു കയറി. ഈ വർഷം മാർച്ചിനു ശേഷം ആദ്യമായാണു പണപ്പെരുപ്പം കൂടുന്നത്. പണപ്പെരുപ്പം ഉയർച്ചയുടെ ട്രെൻഡ് കാട്ടിത്തുടങ്ങിയതോടെ, കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഇനി ഉടനെങ്ങും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകൾ ഉയർന്നതും ഡോളറിനും ബോണ്ടിനും കരുത്തായിട്ടുണ്ട്.
ഡോളറിന്റെ കുതിപ്പും സ്വർണത്തിന്റെ കിതപ്പും
അനുകൂല സാഹചര്യങ്ങളുടെ കരുത്തിൽ യുഎസ് ഡോളർ ഇൻഡെക്സ് (യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ ഡോളർ സൂചിക) നിലവിൽ 106.67ൽ എത്തി. കഴിഞ്ഞ ഒരുവർഷത്തെ ഏറ്റവും മികച്ച മൂല്യമാണിത്. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡും 4.482 ശതമാനത്തിലേക്കു കുതിച്ചുകയറി. ഡോളറും ബോണ്ടും ഓഹരികളും ക്രിപ്റ്റോകറൻസികളും മികച്ച നേട്ടം നൽകിത്തുടങ്ങിയതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് അടക്കമുള്ള സ്വർണനിക്ഷേപ പദ്ധതികളിൽനിന്നു പിന്മാറിത്തുടങ്ങിയതാണു വിലയെ വീഴ്ത്തുന്നത്. പുറമേ, ഡോളർ ശക്തിപ്രാപിച്ചതിനാൽ ഡോളർ വാങ്ങുന്നത് ചെലവേറിയതായതും ഡിമാൻഡിനെ ബാധിക്കുകയും വിലക്കുറവിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു.
രാജ്യാന്തര സ്വർണവില ഔൺസിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് കൂപ്പുകുത്തിയത്. ഇന്നുമാത്രം കുറഞ്ഞത് 50 ഡോളറിലധികം. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,561 ഡോളറിൽ. രാജ്യാന്തരവിലയിലെ ഇടിവ് കേരളത്തിലും ഇന്ന് വില കുറയാൻ ഇടയാക്കി. രാജ്യാന്തരവില 2,545 ഡോളറിന് താഴേക്കുവീണാൽ, വിലത്തകർച്ച ചെന്നുനിൽക്കുക 2,472 ഡോളറിലേക്ക് ആയിരിക്കുമെന്നു ചില നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 54,000 രൂപ നിലവാരത്തിലേക്കും താഴാം.
ജിഎസ്ടി ഉൾപ്പെടെ ഇന്നത്തെ വില
3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,056 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,507 രൂപയും. ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു. അതായത് അന്ന് സ്വർണം വാങ്ങിയവർ നൽകിയതിനേക്കാൾ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറവാണ് ഇന്ന് വില.