അട്ടപ്പള്ളത്തെ ഷോക്കേറ്റു മരണം: മകൻ മരിച്ചത് പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; കെണിയൊരുക്കിയത് ആര്?
Mail This Article
വാളയാർ ∙ കനാലിൽ വീണുകിടന്ന മോഹനനടുത്തേക്ക് എത്തിയ ഉടൻ അനിരുദ്ധ് അദ്ദേഹത്തെ രക്ഷിക്കാൻ വെള്ളത്തിലേക്കു ചാടി. ഇതോടെ ഷോക്കേറ്റു തെറിച്ചുവീണു. അനിരുദ്ധിന്റെ സുഹൃത്ത് സനാതനനാണ് ഒച്ചവച്ചു പ്രദേശവാസികളെ അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ലൈൻ ഓഫാക്കിയാണു മൃതദേഹം കനാലിൽ നിന്നു പുറത്തെടുത്തത്.
മോഹനൻ 10 വർഷത്തിലേറെയായി പ്രദേശത്തെ ജയരാമൻ എന്ന ഭൂവുടമയുടെ നെൽക്കൃഷി നോക്കി നടത്തുകയാണ്.ഒന്നാം വിള കൊയ്ത്തു കഴിഞ്ഞ പാടത്തു നാളെ ട്രാക്ടർ ഉഴാൻ എത്തുന്നുണ്ട്. ഇതിനാൽ പാടത്തേക്കു കനാലിൽ നിന്നു വെള്ളം തിരിച്ചുവിടാനെത്തിയതായിരുന്നു മോഹനൻ. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. അനിരുദ്ധ് അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. മോഹനൻ തൊഴിലുറപ്പു തൊഴിലാളി കൂടിയാണ്. സംസ്കാരം കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.
മകളുടെ വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ആ പിതാവിന്റെയും കുടുംബത്തിന്റെയും മനസ്സിൽ പ്രതീക്ഷകളും ആധിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിള ഒരുക്കത്തിനൊപ്പം മകളുടെ വിവാഹത്തിരക്കിലേക്കു കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തം മോഹനന്റെയും മകൻ അനിരുദ്ധിന്റെയും ജീവനെടുത്തത്. കഴിഞ്ഞ ദിവസമാണു വിവാഹ പത്രിക അച്ചടിക്കാൻ ഏൽപിച്ചതെന്നു പറയുന്നു.
പിതാവിന്റെയും മകന്റെയും മരണത്തോടെ കണ്ണീരിലായ അമ്മയും മകളും മാത്രമാണു വീട്ടിൽ ശേഷിക്കുന്നത്. കുടുംബം കഴിഞ്ഞിരുന്നത് ഒറ്റമുറി വീട്ടിലാണ്. കൃഷിയിടം നോക്കിനടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനവും തൊഴിലുറപ്പു ജോലിയിൽ നിന്നുള്ള കൂലിയും മാത്രമായിരുന്നു കുടുംബത്തിന്റെ തുച്ഛമായ വരുമാനം.
ഉറ്റ സുഹൃത്തിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും മരണം നേരിൽക്കണ്ട് ഞെട്ടിപ്പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്തു സനാതനൻ നടത്തിയ ഇടപെടലിലൂടെയാണു സംഭവം നാടറിഞ്ഞത്. വീട്ടിൽനിന്ന് അട്ടപ്പള്ളത്തേക്കു ബൈക്കിൽ പോവുമ്പോഴാണു മോഹനൻ കനാലിൽ വീണുകിടക്കുന്നതു സനാതനൻ കണ്ടത്. ഉടൻ തൊട്ടപ്പുറത്തുണ്ടായിരുന്ന അനിരുദ്ധിനെ വിവരം അറിയിച്ചു. ഇരുവരും സ്ഥലത്തെത്തിയ ഉടൻ അനിരുദ്ധ് വെള്ളത്തിലേക്കു ചാടി. ഷോക്കേറ്റ് അനിരുദ്ധ് തെറിച്ചുവീണതോടെ സനാതനൻ പിൻമാറി. പിന്നീടാണ് സനാതനൻ തന്റെ അച്ഛൻ ഗോപാലകൃഷ്ണനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. കോയമ്പത്തൂരിലെ കോളജിൽ ബിരുദ വിദ്യാർഥിയാണ് സനാതനൻ.
∙ കെണിയൊരുക്കിയത് ആര്?
പന്നിക്കെണി ഒരുക്കിയതു പ്രദേശവാസികളിൽ ആരെങ്കിലുമായിരിക്കുമെന്ന സംശയത്തിലാണ് അന്വേഷണമെന്നു വാളയാർ പൊലീസ്. ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ജെ.ജെയ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പരിസരത്തെക്കുറിച്ചു വ്യക്തമായ അറിവുള്ളവരാണ് ഇതിനു പിന്നിലെന്നാണു സൂചന. എൽടി ലൈനിൽനിന്നു കമ്പി ഉപയോഗിച്ച് കാഡ കനാലിലൂടെ 150 മീറ്ററോളം ദൂരത്തേക്കു വൈദ്യുതി എത്തിച്ചിട്ടുണ്ട്. മോഹനൻ മരിച്ചു കിടന്നതിനു തൊട്ടടുത്തു കനാലിലെ വെള്ളത്തിൽ ഒരു പാമ്പും ഷോക്കേറ്റു ചത്തു കിടന്നിരുന്നു.
കനാലിൽ പലയിടത്തും കമ്പികൊണ്ടു കുരുക്കും ഒരുക്കിയിട്ടുണ്ട്. കനാലിൽ വെള്ളം കുടിക്കാൻ എത്തുന്ന പന്നികളെ പിടികൂടാനാണു കെണി ഒരുക്കിയതെന്നു കരുതുന്നു. പ്രദേശത്തു പന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നുണ്ട്. ഇതുകാരണം കൃഷി ഉപേക്ഷിച്ചവർ ഒട്ടേറെയുണ്ട്. ഇവിടെ കെണി ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നാണു നാട്ടുകാരുടെ മൊഴി. വൈദ്യുതി മോഷണത്തിനും അപകടകരമായി ലൈൻ വലിച്ചതിനും വൈദ്യുതി വകുപ്പും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്നു വാർഡ് മെംബർ സുനിത രവീന്ദ്രൻ അറിയിച്ചു.