‘ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഇല്ലേ?, സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല പണം ആവശ്യപ്പെട്ടത്’
Mail This Article
പാലക്കാട്∙ വയനാട് ദുരിതാശ്വാസത്തിന് പണം തരില്ലെന്ന കേന്ദ്രസർക്കാരിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു സംസ്ഥാനങ്ങൾക്ക് കിട്ടിയതു പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
‘‘ഇക്കാര്യത്തിൽ കെ.സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ല. അതുകൊണ്ടാണ് ഈ തീരുമാനം.’’ – സതീശൻ പറഞ്ഞു.
പാർട്ടിയുടെ അനുമതിയോടെയാണ് സാന്റിയാഗോ മാർട്ടിന്റെ കയ്യിൽ നിന്നും ബോണ്ട് വാങ്ങിയതെന്നാണ് ആത്മകഥയിൽ ഇ.പി. ജയരാജൻ പറയുന്നത്. ഇ.പി.ജയരാജൻ സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ.പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാൽ മതി. ഇ.പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. ഇ.പി ജയരാജൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും സതീശൻ പറഞ്ഞു.
‘‘പാലക്കാട് ഇരട്ടവോട്ട് വിവാദത്തിൽ നിയമനടപടി എന്നു പറഞ്ഞ് എന്നെ വിരട്ടേണ്ട. മൂന്നു മാസം മുൻപ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോൾ ബഹളം വയ്ക്കുന്നത്. മന്ത്രി, അളിയൻ, ജില്ലാ സെക്രട്ടറി എന്നിവർ ചേർന്നുള്ള ലോബിയാണ് പാലക്കാട് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്’’ – സതീശൻ പറഞ്ഞു.