‘കരുതിക്കൂട്ടിയുള്ള ഗൂഢാലോചന’: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി ഇ.പി.ജയരാജൻ
Mail This Article
തിരുവനന്തപുരം∙ ‘ആത്മകഥ’യിലെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെ ഇ.പി. ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ജയരാജന്‍ കൂട്ടാക്കിയില്ല. പുതിയ വിവാദം സംബന്ധിച്ച് പാര്‍ട്ടിക്ക് അദ്ദേഹം വിശദീകരണം നല്‍കിയെന്നാണു സൂചന. ഇനി പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാട് എന്താണെന്നതാണ് നിര്‍ണായകമാകുക.
സംസ്ഥാന നേതൃയോഗങ്ങളില്‍നിന്നു കുറെക്കാലമായി വിട്ടുനില്‍ക്കുന്ന ഇ.പി, ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജൻ സെക്രട്ടേറിയറ്റിനെ അറിയിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കം താന്‍ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തോട് ആലോചിക്കാതെയാണ് അതു പ്രസാധകര്‍ പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് അവരും കരുതുന്നു.
എന്തായാലും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ വെട്ടിലാക്കി വിവാദമുയര്‍ന്നതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍നിന്നു നീക്കിയതു മുതല്‍, എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ സംസ്ഥാന നേതൃത്വത്തോട് തികഞ്ഞ അകല്‍ച്ചയിലായിരുന്നു ജയരാജന്‍. ആത്മകഥയിലെ പുറത്തുവന്ന ഭാഗത്തെ ഇ.പി കയ്യൊഴിഞ്ഞെങ്കിലും നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ അമര്‍ഷം വ്യക്തമാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിലുമാണ് നേതൃത്വം നീതി കാട്ടിയില്ലെന്നു ജയരാജന്‍ പറഞ്ഞുവയ്ക്കുന്നത്. പിണറായി വിജയന്‍ കഴിഞ്ഞാല്‍ താനാണ് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നതെന്ന് ഇ.പി പുസ്തകത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ പലതും പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്ന പരോക്ഷ സൂചനകളും പുസ്തകത്തിലുണ്ട്.