ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു, കേജ്രിവാളിനെ വിമർശിച്ച് കത്ത്; ബിജെപിയിലേക്കെന്ന് സൂചന
Mail This Article
ന്യൂഡൽഹി∙ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട് രാജിവച്ചു. ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നതായി കൈലാഷ് ഗെലോട്ട് എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് അയച്ച കത്തിൽ ആരോപിച്ചു. പാർട്ടി അംഗത്വവും മന്ത്രിസ്ഥാനവും രാജിവച്ച കൈലാഷ് ഗെലോട്ട്, ബിജെപിയിൽ ചേരുമെന്നാണ് പ്രചാരണം.
എഎപിയുടെ ജാട്ട് മുഖമായിരുന്നു കൈലാഷ്. ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെ മറികടന്നതായി കേജ്‌രിവാളിന് അയച്ച കത്തിൽ കൈലാഷ് പറഞ്ഞു. ‘‘യമുന നദി വൃത്തിയാക്കുന്ന പദ്ധതി എഎപി സർക്കാരിന് പൂർത്തിയാക്കാനായില്ല. ഒരു കാലത്തുമില്ലാത്തതുപോലെ യമുന മലിനമാണ്’’– കൈലാഷ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി ചെലവഴിച്ച് കൊട്ടാരം പോലെയാണ് നിർമിച്ചത്. കേന്ദ്രസർക്കാരുമായി നിരന്തരം തർക്കിച്ചാൽ വികസനം സാധ്യമാകില്ലെന്നും കൈലാഷ് കത്തിൽ പറഞ്ഞു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്നും കൈലാഷ് വ്യക്തമാക്കി. എഎപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കൈലാഷിനെ എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.