പ്രകൃതിദുരന്തം, തിരക്ക്; ടൂറിസ്റ്റുകൾ വരേണ്ടെന്നു കരുതുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും
Mail This Article
കോഴിക്കോട്∙ പ്രകൃതി ദുരന്തങ്ങളും അമിതമായ വിനോദസഞ്ചാരവും മൂലം സഞ്ചാരികൾ വേണ്ടെന്നുവയ്ക്കാനിടയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്‌സ് ട്രാവൽ’ ആണ് അവരുടെ ‘നോ ലിസ്റ്റ് 2025’ല്‍ കേരളത്തെയും ഉൾപ്പെടുത്തിയത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണു പട്ടികയിൽ. സഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലങ്ങളെ പ്രകൃതി ദുരന്തങ്ങളുൾപ്പെടെയുള്ള പ്രശ്നങ്ങൾ ബാധിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പെന്ന നിലയിലാണ് നോ ലിസ്റ്റ് പുറത്തിറക്കുന്നത്.
ചൂരൽമല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അമിതമായ ടൂറിസം പ്രവർത്തനങ്ങൾ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും കാര്യമായി എടുത്തില്ല. 2015നും 2022നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണു സംഭവിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്തൊനീഷ്യയിലെ ബാലി, വിനോദസഞ്ചാരത്തിനെതിരെ തദ്ദേശ ജനതയുടെ എതിർപ്പുകൾ രൂക്ഷമായ യൂറോപ്പിലെ ചില പ്രദേശങ്ങൾ, തായ‌്‌ലൻഡിലെ കോഹ്സമുയി, എവറസ്റ്റ് കൊടുമുടി എന്നിവയാണു സ്ഥിരമായി പ്രശ്നമുള്ള ഇടങ്ങളായി നോ ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇറ്റലിയിലെ സിസിലിയിലെ അഗ്രിഗെന്റോ, ബ്രിട്ടിഷ് വിർജിൻ ഐലൻഡ്, ജപ്പാനിലെ ക്യോട്ടോ, ടോക്യോ, മെക്സിക്കോയിലെ ഒയാക്സാക എന്നിവയും പട്ടികയിലുണ്ട്.