‘ആന, കടൽ, മോഹൻലാൽ, കെ.മുരളീധരന്‍’: ഒരിക്കലും മടുക്കില്ലെന്ന് സന്ദീപ്, ചേർത്തുപിടിച്ച് മുരളി
Mail This Article
പാലക്കാട് ∙ പരസ്യ വിമർശനങ്ങൾക്കൊടുവിൽ സന്ദീപ് വാരിയരുമായി വേദി പങ്കിട്ട് കെ.മുരളീധരൻ. ശ്രീകൃഷ്ണപുരത്തെ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. പരിപാടിയിൽ കെ.മുരളീധരന്‍ പങ്കെടുക്കുന്നത് അറിഞ്ഞ് സന്ദീപ് കാണാനെത്തുകയായിരുന്നു. ബിജെപി നേതാവായിരുന്ന സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തെ മുരളീധരൻ എതിർത്തത് ചർച്ചയായി. പിന്നീട് ചർച്ചകൾക്കൊടുവിൽ ഭിന്നതകൾ പരിഹരിച്ചു. ആന, കടൽ, മോഹൻലാൽ, കെ.മുരളീധരന്‍ ഈ നാല് കാര്യങ്ങളും മലയാളികൾക്ക് ഒരിക്കലും മടുക്കില്ലെന്നായിരുന്നു മുരളീധരനെക്കുറിച്ച് സന്ദീപിന്റെ പ്രതികരണം. സന്ദീപിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഒപ്പമുണ്ടാകുമെന്ന് മുരളീധരനും പറഞ്ഞു.
‘‘ ആന, കടൽ, മോഹൻലാൽ, കെ.മുരളീധരന്‍ ഈ നാല് കാര്യങ്ങളും മലയാളികൾക്ക് ഒരിക്കലും മടുക്കില്ല. മലയാളികൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന നാലു കാര്യങ്ങളാണിത്. കെ.മുരളീധരനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയും സ്നേഹവും ആവശ്യമുണ്ട്. ഞാൻ ഇപ്പോൾ കോൺഗ്രസുകാരനാണ്. കോൺഗ്രസിനൊപ്പമുണ്ടാകും ’’–സന്ദീപ് വാരിയർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ മുതൽക്കൂട്ടായി സന്ദീപ് നിൽക്കുമെന്ന് മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് സന്ദീപ് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും ആവശ്യമില്ല. കാരണം, ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി. രാഹുലിനൊപ്പം നിൽക്കാൻ തീരുമാനിച്ച അന്നു മുതൽ സന്ദീപിനെ കോൺഗ്രസ് ചേർത്തു പിടിച്ചു.
ചില സംഭവങ്ങളുണ്ടാകുമ്പോൾ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഞാൻ തുറന്നു പറയുന്ന ആളാണ്. പാർട്ടി തീരുമാനം അംഗീകരിക്കുന്നു. സന്ദീപ് പൂർണമായി കോൺഗ്രസുകാരനായി മാറി. അങ്ങനെയുള്ളവരെ ചേർത്തു പിടിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. സന്ദീപ് വന്നത് കോൺഗ്രസ് കുടുംബത്തിന് കരുത്തായെന്നും മുരളീധരൻ പറഞ്ഞു.