നിലയ്ക്കൽ–പമ്പ ബസ് കത്തിയ സംഭവം: 14 ലക്ഷത്തിന്റെ നഷ്ടമെന്നു മോട്ടർ വാഹന വകുപ്പ്
Mail This Article
കൊച്ചി ∙ ശബരിമല തീർഥാടകർക്കായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഉപയോഗിച്ച ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്നു റിപ്പോർട്ട്. ബസ് പൂർണമായി കത്തി നശിച്ചതിനാൽ എങ്ങനെയാണ് അപകടമുണ്ടായത് എന്നു കണ്ടെത്താനായിട്ടില്ലെന്ന് മോട്ടർ വാഹന വകുപ്പ് (എംവിഡി) ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും എംവിഡി കോടതിയെ അറിയിച്ചു. തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്ന മാവേലിക്കര റീജിയനൽ വർക്‌ഷോപ്പിലെ മാനേജറോടു റിപ്പോര്‍ട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഡ്രൈവർ ക്യാബിന്റെ അടിയിൽ നിന്നാണ് തീ പടർന്നതെന്ന് മനസ്സിലാക്കുന്നുവെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടുതന്നെ ഷോർട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായും വിദഗ്ധ പരിശോധനയിലൂടെ മാത്രമേ യഥാർഥ കാരണം കണ്ടെത്താൻ കഴിയൂ എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
ഈ മാസം 17നാണ് നിലയ്ക്കൽ–പമ്പ സർവീസ് നടത്തുന്ന, 8 വർഷം മാത്രം പഴക്കമുള്ള കെഎസ്ആർടിസി ബസ് പ്ലാത്തോട് വച്ച് പൂർണമായും തീ പിടിച്ച് നശിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ഈ ബസിന് 2025 ഡിസംബർ വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട് എന്നും കെഎസ്ആർടിസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സംഭവത്തിനു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഓടിക്കാൻ പാടില്ലെന്നും എല്ലാ വാഹനങ്ങളുടെയും സർട്ടിഫിക്കറ്റുകൾ പൊലീസ് പരിശോധിക്കണമെന്നും പമ്പ എസ്എച്ച്ഒ, കെഎസ്ആർടിസി പമ്പ സ്പെഷൽ ഓഫിസർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. ഇത് സമ്മതിച്ചതായും കെഎസ്ആർടിസി പറഞ്ഞു.